ന്യൂഡല്‍ഹി: വിവിധ ബാങ്കുകളില്‍ നിന്നായി 3,6950 കോടി രൂപ തട്ടിയെടുത്ത പ്രമുഖ വ്യവസായി വിക്രം കോത്താരിയെയും മകന് രാഹുലിനേയും സിബിഐ അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച ഇരുവരേയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കാണ്‍പൂരിലെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കോത്താരിയെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോട്ടോമാക്ക് കമ്പനി അഞ്ച് പൊതുമേഖല ബാങ്കുകളില്‍ നിന്നായി 3,695 കോടിയലധികം രൂപയുടെ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് പരാതി. കോത്താരിയ്ക്ക് വായ്പ നല്കിയ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയാണ് അദ്ദേഹത്തിനെതിരെ സിബിഐയില്‍ പരാതി നല്‍കിയത്. ഈ പരാതിയിലാണ് സിബിഐ സംഘം കോത്താരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയ്ക്ക് പുറമേ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും കോത്താരി വായ്പെടുത്തിരുന്നു. അതിനിടെ തട്ടിപ്പ് വിവരം പുറത്തുവന്നതോടെ കോത്താരി രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ വിക്രം കോത്താരി തന്നെ ഇക്കാര്യം നിഷേധിച്ചു. താന്‍ രാജ്യം വിട്ടിട്ടില്ലെന്നും, കാണ്പൂരിലുണ്ടെന്നുമാണ് വിക്രം കോത്താരി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് കോത്താരിയുടെ വസതികളിലും ഓഫീസുകളിലും സിബിഐ സംഘം റെയ്ഡ് ആരംഭിച്ചത്. കോത്താരിയും ഭാര്യ സാധനയും മകന് രാഹുലും തെറ്റായ ഉദ്ദേശത്തോടെ വായ്പാ തുക തട്ടിച്ചെടുത്തുവെന്നാണ് സിബിഐ ആരോപണം.