കാൻപൂർ: റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരി ഏഴ് ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്തത് 3695 കോടി. ഇക്കാര്യം സിബിഐ വ്യക്തമാക്കി. പിടിയിലായ വിക്രം കോത്താരിയെയും ഭാര്യയെയും മകനെയും പ്രതി ചേർത്ത് സിബിഐ കേസ് റജിസ്റ്റർ ചെയ്തു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വജ്ര വ്യാപാരിയായ നീരവ് മോദി 11000 കോടി തട്ടിയെടുത്തതിന് പിന്നാലെയാണ് ഈ കേസും പുറത്തുവന്നത്. ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിലെ ഏഴ് ബാങ്കുകളിൽ നിന്നാണ് വിക്രം കോത്താരി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ ഇത്രയും തുക വായ്പ എടുത്തത്.

കാൻപൂരിൽ വിക്രം കോത്താരിയുടെ വീട്ടിലും ഓഫീസുകളിലും ഇന്ന് രാവിലെ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. നേരത്തേ കോത്താരി രാജ്യം വിട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇയാളെ കാൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.

2017 ഫെബ്രുവരിയിൽ റോട്ടോമാക് വായ്പ തിരിച്ചടച്ചില്ലെന്ന് ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചിരുന്നു. ബാങ്കിന്രെ പരാതിയിലാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. അലഹബാദ് ഹൈക്കോടതിയെ ഇതിനെതിരെ കോത്താരി സമീപിച്ച് അനുകൂല വിധി നേടിയിരുന്നെങ്കിലും വായ്പ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ