ന്യൂഡൽഹി: ബിഎംഡബ്ല്യുവിന് കീഴില്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച എട്ടാം തലമുറ ആഡംബര കാറായ ഫാന്റെ ഇന്ത്യയില്‍ പുറത്തിറക്കി. 9.50 കോടി രൂപയാണ് കാറിന്റെ വില.

അടിമുടി മാറിയെത്തിയ ഡിസൈനും, അത്യാധുനിക സാങ്കേതികവിദ്യയും എട്ടാം തലമുറ ഫാന്റത്തെ റോള്‍സ് റോയ്‌സ് നിരയില്‍ വേറിട്ട് നിര്‍ത്തുന്നതാണ്. ആറ് വര്‍ഷത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം റോള്‍സ് റോയ്‌സ് അണിനിരത്തുന്ന ഫാന്റം, വിശിഷ്ടമായ അലൂമിനിയം സ്‌പെയ്‌സ്‌ഫ്രെയിം ആര്‍ക്കിടെക്ചറിലാണ് ഒരുങ്ങിയിരിക്കുന്നത്.

1925 ല്‍ ഹെന്റി റോയ്‌സ് ആദ്യമായി കാഴ്ചവച്ച ഫാന്റം, വിപണിയിലെ ആഢംബര സമവാക്യങ്ങളെ മുഴുവന്‍ മാറ്റിമറിക്കുകയായിരുന്നു. റോള്‍സ് റോയ്‌സിന്റെ ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറിയില്‍ നിന്നുമുള്ള ആദ്യ പുതുതലമുറ റോള്‍ റോയ്‌സാണ് എട്ടാം തലമുറ ഫാന്റം.

ഭാരക്കുറവാണ് ആര്‍ക്കിടെക്ചറിന്റെ പ്രധാന സവിശേഷത. വര്‍ധിച്ച കരുത്ത്, മികവാര്‍ന്ന പ്രകടനം, വലുപ്പമേറിയ വീല്‍ബേസ് ബോഡി, വിട്ടുവീഴ്ചയില്ലാത്ത എക്‌സ്റ്റീരിയര്‍ സര്‍ഫേസ് ഡിസൈന്‍ എന്നിവയും ആര്‍ക്കിടെക്ചറിന്റെ വിശേഷങ്ങളാണ്.

മുന്‍തലമുറകളെ അപേക്ഷിച്ച്, 30 ശതമാനം വര്‍ധിച്ച കരുത്തിലാണ് ഫാന്റം എത്തിയത്. പുതുതലമുറ റോള്‍സ് റോയ്‌സ് ഡിസൈനുകളുടെ ആരംഭമാണ് എട്ടാം തലമുറ ഫാന്റം കാഴ്ചവയ്ക്കുന്നതെന്ന് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ഡയറക്ടര്‍ ഓഫ് ഡിസൈന്‍ ഗില്‍സ് ടെയ്‌ലര്‍ പറഞ്ഞു.

പുതുക്കിയ പാന്തിയോണ്‍ ഗ്രില്ലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫാന്റത്തിന്റെ ഡിസൈന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന പാന്തിയോണ്‍ ഗ്രില്ലിന് പശ്ചാത്തലത്തില്‍, സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും അര ഇഞ്ചോളം ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഹെഡ്‌ലാമ്പില്‍ ഫ്രോസ്റ്റഡ് ഗ്രാഫിക്‌സ് ഇടംപിടിക്കുന്നു. അത്യാധുനിക ലേസര്‍ സിസ്റ്റത്തിന്റെ സഹായത്താല്‍, രാത്രികാലങ്ങളില്‍ 600 മീറ്റര്‍ ദൂരം വരെ പ്രകാശം പരത്തുന്നതാണ് ഹെഡ്‌ലാമ്പുകള്‍. 2:1 അനുപാതം പാലിക്കുന്നതാണ് സൈഡ് പ്രൊഫൈല്‍. 1950-60 കളിലെ ഫാന്റം മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് റിയര്‍ എന്‍ഡിന് ലഭിച്ചിരിക്കുന്നത്. അഗ്രസീവ് തത്വമാണ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമില്‍ ഒരുങ്ങിയ റിയര്‍ ഗ്ലാസുകള്‍ പിന്തുടരുന്നതും.

ഡബിള്‍ RR ബാഡ്ജുകളോട് കൂടിയ ടെയില്‍ ലൈറ്റുകള്‍ റിയര്‍ എന്‍ഡിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. റോള്‍സ് റോയ്‌സ് മോഡലുകളില്‍ ഇടംപിടിച്ചിട്ടുള്ള ഏറ്റവും വലിയ അലോയ് വീലാണ് എട്ടാം തലമുറ ഫാന്റത്തില്‍ സാന്നിധ്യറയിക്കുന്നത്. അലേര്‍ട്ട്‌നെസ് അസിസ്റ്റന്റ്, പാനോരാമിക് കാഴ്ച ലഭിക്കുന്ന 4-ക്യാമറ സിസ്റ്റം, ഹെലികോപ്റ്റര്‍ വ്യൂ, നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ് എന്നിവയാണ് ഫാന്റത്തിലെ ഫീച്ചറുകള്‍. ‘ഗ്യാലറി’ എന്നാണ് ഈ ഫീച്ചറുകളെ റോള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്നത്.

ഇതിന് പുറമെ ആക്ടിവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളീഷന്‍ വാണിങ്, പെഡസ്ട്രിയന്റ് വാണിങ്, ക്രോസ്-ട്രാഫിക് വാണിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍-ലെയ്ന്‍ ചെയ്ഞ്ചിങ് വാണിങ്, 7×3 ഹൈ-റെസല്യൂഷന്‍ ഹെഡ്-അപ് ഡിസ്‌പ്ലേ, വൈഫൈ ഹോട്ട്‌സ്‌പോട് എന്നിങ്ങനെ നീളുന്നതാണ് ഫാന്റത്തിന്റെ വിശേഷങ്ങള്‍. സെന്‍സറുകള്‍ മുഖേന ഓട്ടോമാറ്റിക്കായി തുറക്കുന്നതാണ് ഡോറുകള്‍. തിളങ്ങുന്ന വുഡ് വര്‍ക്കുകളാണ് ഡോര്‍ ഇന്റീരിയറിന് ലഭിക്കുന്നത്. സെന്‍ട്രല്‍ കണ്‍സോള്‍, ഡാഷ്‌ബോര്‍ഡ്, പിക്‌നിക് ടേബിളുകള്‍ എന്നിവയില്‍ റോള്‍സ് റോയ്‌സിന്റെ അധുനിക ആഢംബരത്വം ദൃശ്യമാണ്.

ലോകത്തിലെ ഏറ്റവും നിശബ്ദമായ കാറിനായുള്ള റോള്‍സ് റോയ്‌സിന്റെ ശ്രമം കൂടിയാണ് പുതിയ ഫാന്റം. രണ്ട് ടര്‍ബ്ബോചാര്‍ജറുകളോട് കൂടിയ 6.75 ലിറ്റര്‍ V12 പവര്‍ട്രെയിനാണ് റോള്‍സ് റോയ്‌സ് ഫാന്റത്തിന് ലഭിക്കുന്നത്. 536 bhp കരുത്തും 900 Nm torque ഉം ഉദ്പാദിപ്പിക്കുന്ന എൻജിനില്‍ ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സാന്നിധ്യമറിയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook