സ്ഥാപനപീഡനത്തിന് വിധേയനായി ആത്മഹത്യ ചെയ്യേണ്ടി വന്ന ഹൈദരാബാദ് യുണിവേഴ്സിറ്റി വിദ്യാർത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് കേരളത്തെക്കുറിച്ചുള്ള തന്റ നിശിതമായ വിമർശനം മുന്നോട്ടു വച്ചത്. കേരളത്തിലെ അംബേദ്കറിസത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് രാധിക വെമുല ഈ നിരീക്ഷണം നടത്തിയത്. ഇന്നിറങ്ങിയ ആഴ്ചപതിപ്പിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. “ഇങ്ങോട്ടേയ്ക്കുള്ള (കേരളത്തിലേയ്ക്കുള്ള) യാത്രകളിൽ അംബേദ്കറിന്റെ പ്രതിമയുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്. സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ബാബയുടെ പ്രതിമ കാണാനായില്ലെങ്കിലും കുറേയേറെ ജാതിക്കോളനികൾ കാണാനായി”. രോഹിതിന്റ വിഷയത്തിൽ കേരളത്തിൽ നിന്നുള്ള അംബേദ്കറൈറ്റുകൾ, ഹൈദരാബാദ് യുണിവേഴ്സിറ്റിയിലെ മലയാളികളായ വിദ്യാർത്ഥികൾ ഇവർ നടത്തിയ ഇടപെടലുകൾ വലുതാണ്.
തെലുങ്കുദേശം പാർട്ടി അഞ്ചുലക്ഷം രൂപ തന്നുവെന്നും ജോലി തന്നുവെന്നും തെറ്റായ പ്രചരണം നടത്തുകയാണ് ചെയ്തത്. എംഎസ്‌സി കഴിഞ്ഞ രാജയ്ക്ക് (രോഹിതിന്റെ ഇളയ സഹോദരൻ) അങ്കണവാടിയിലെ താത്ക്കാലിക അധ്യാപകന്റെ ജോലിയും എനിക്ക് അവിടെ ആയയുടെ ജോലിയുമാണ് നൽകാമെന്ന് പറഞ്ഞത്. ഒരു ചില്ലിക്കാശ് പോലും തന്നിട്ടില്ല. ഞങ്ങൾക്ക് ആ പണം വേണ്ട. ഇന്ന് രാജ മിനി ട്രക്ക് ഡ്രൈവറായിട്ട് ജോലി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്-രാധിക പറഞ്ഞു
അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള രാജ നാഷനൽ ജിയോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോ ആയി ജോലി ചെയ്തിരുന്നു രോഹിതിന്റെ മരണത്തെ തുടർന്നാണ് രാജ ആ ജോലി ഉപേക്ഷിച്ചത്. സുഹൃത്തുകളുടെ വായ്പാ സഹായത്തോടെ വാങ്ങിയ ട്രക്കിൽ പച്ചക്കറി വിതരണം നടത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ദിവസം 400 മുതൽ 450 രൂപ വരെ ലഭിക്കും. അമ്മ തയ്യൽ ജോലി ചെയ്തു കിട്ടുന്ന വരുമാനവും കൂട്ടിച്ചേർത്താണ് കുടുംബം മുന്നോട്ടു പോകുന്നത്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജോലി വാഗ്‌ദാനം ചെയ്തിരുന്നുവെങ്കിലും അത് സ്വീകരിച്ചില്ലെന്നും രാജ പറഞ്ഞു.
എന്റെ മകന് നീതികിട്ടുമോ എന്ന പേടിയുണ്ട്. അവന്റെ കൊലയാളികൾ അധികാരത്തിൽ തുടരുന്നതിൽ പേടിയുണ്ട്. ഇനിയും എത്ര അമ്മമാരുടെ സ്വപ്നങ്ങളെയാണ് അവർ തച്ചുടയ്ക്കാൻ പോകുന്നത്. സമുദായത്തിൽ നിന്നും പഠിക്കാൻ പോകുന്ന ഓരോ കുട്ടിയെ കാണുമ്പോഴും അഭിമാനത്തിനൊപ്പം പേടിയും തോന്നുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ മനുസ്മൃതിയാണ് ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ വ്യവസ്ഥിതിയെ പേടിക്കണം. ആ പേടിയിൽനിന്നാണ് അറപ്പിൽ നിന്നാണ് നമ്മുടെ പ്രതിരോധം ഉടലെടുക്കുന്നത്. ഈ രാജ്യം നമ്മളുടേത് കൂടിയാണെന്നും രാധിക വെമുല അഭിമുഖത്തിൽ വ്യക്തമാക്കുന്നു.