ഏകദേശം ഏഴ് ലക്ഷത്തോളം റോഹിങ്ക്യൻ വംശജരാണ് മ്യാൻമാറിൽ നിന്നും ജന്മദേശം ഉപേക്ഷിച്ച് പലായനം ചെയ്തത്. സൈനിക നടപടിയെ തുടർന്ന് ജീവരക്ഷാർത്ഥം പലായനം ചെയ്ത റോഹിങ്ക്യൻ മുസ്‌‌ലിം സമുദായം ലോകത്തിന്റെ മുന്നിൽ​ ഉയർത്തിയത് വലിയ ചോദ്യമായിരുന്നു.

സമാധാനത്തിനുളള നൊബേൽ സമ്മാനം നേടിയ ആങ് സാൻ സൂചി ഭരിക്കുന്ന രാജ്യത്ത് നിന്നാണ് കാൽനടയായും ബോട്ടിലും തുടങ്ങി കിട്ടയ എല്ലാ രക്ഷാമാർഗങ്ങളിലൂടെയും ഒരു ജനത പലായനം ചെയ്തത്. റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്കെതിരെ ഉണ്ടായ സൈനിക നടപടിയെ തുടർന്ന് അവർക്ക് രക്ഷ തേടി അയൽ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യേണ്ട് വരികയായിരുന്നു.

മ്യാൻമാറിലെ റഖൈനിൽ നടത്തിയ സൈനികാക്രമണത്തെ തുടന്നാണ് 2017 ഓഗസ്റ്റ് 25 ന് വലിയൊരു വിഭാഗം റോഹിങ്ക്യൻ ജനതയ്ക്ക് നാടുവിടേണ്ടി വന്നത്. മ്യാൻമാറിന്റെ നടപടിയെ വംശഹത്യ എന്നാണ് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി ക്യാംപുകളിലൊന്നായ കോക്സ് ബസാറിൽ തങ്ങളുടെ ‘ഇരുണ്ട ദിനം’ റോഹിങ്ക്യകൾ പ്രാർത്ഥിച്ചും പ്രസംഗിച്ചും പാട്ടു പാടിയും ആചരിച്ചു. ബംഗ്ലാദേശിലെ ഈ​ ക്യാംപ് ഇന്ന് ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി മേഖലയായി അറിയപ്പെടുന്നു. വളരെയധികം സമ്മർദ്ദത്തിലാണ് ഇത് കടന്നു പോകുന്നത്.  പ്രദേശം ഏകദേശം ഒരു ദശലക്ഷം അഭയാർത്ഥികളെയാണ് ഉൾക്കൊള്ളുന്നത്.

സ്വന്തം ഗ്രാമത്തിലുണ്ടായ ആക്രമണത്തെ തുടർന്നാണ് 27 വയസ്സുകാരനായ അബ്ദുൽ മലീക് എന്ന 27 കാരന് റോഹിങ്ക്യൻ അഭയാർത്ഥിയായി നാടു വിടേണ്ടി വന്നത്. നിരവധി പേരുടെ പലായനത്തിന്റെ തുടക്കം മാത്രാണ് ഈ​ ഒരു വർഷമെന്ന് കോക്സ് ബസാറിലെ ക്യാംപിൽ നിന്നും എ എഫ് പിയോട് ആ യുവാവ് പറയുന്നു.

നിരവധി തവണ ബംഗ്ലാദേശും മ്യാൻമാറും  ഐക്യരാഷ്ട്ര സംഘടനയും (യു എന്‍) തമ്മിൽ ചർച്ചകൾ നടന്നു എന്നാൽ റോഹിങ്ക്യരുടെ മടങ്ങിപോക്കിനായി അധികം അനുകൂല മായതൊന്നും തെളിഞ്ഞു കണ്ടില്ല. റോഹിങ്ക്യക്കാർക്ക് മ്യാൻമാറിലേയ്ക്ക് മടങ്ങി പോകാനുള്ള സാഹചര്യം സംജാതമായിട്ടില്ലെന്നാണ് യു എൻ വിലയിരുത്തുന്നത്.

റോഹിങ്ക്യർക്ക് മടങ്ങിപ്പോകാനുളള സാഹചര്യമായിട്ടില്ലെന്ന് യു എന്‍ മാത്രമല്ല, രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നു. ഒരുപക്ഷേ, ദശകങ്ങളെടുത്തേയ്ക്കും അവർക്ക് മ്യാൻമാറിലേയ്ക്ക് മടങ്ങി പ്പോകാനുള്ള സാഹചര്യം രൂപപ്പെട്ടുവരാൻ എന്നാണ് മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സിന്റെ ബംഗ്ലാദേശ് മിഷൻ ചുമതലയുളള പാവ്‌ലോ കൊലോവസ് അഭിപ്രായപ്പെട്ടത്.

Read More: Rohingyas mark anniversary as ‘black day’; community sees little hope for return

റോഹിങ്ക്യൻ വംശജർ രാജ്യത്തിന് ഗുരതരഭീഷണിയാണ് എന്നാണ് സമാധാനത്തിനുളള നൊബേൽ സമ്മാന ജേതാവായ ഭരണാധികാരി ആങ് സാൻ സൂചിയുടെ അഭിപ്രായം. പ്രതിസന്ധികൾക്ക് നടുവിൽ നിൽക്കുന്ന തന്റെ പ്രതിച്ഛായ താറടിച്ച് കാണിക്കാനാണ് റോഹിങ്ക്യൻസ് ശ്രമിക്കുന്നതെന്നും അവർ കഴിഞ്ഞ ആഴ്ച ആരോപിച്ചു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ​ റോഹിങ്ക്യൻ വംശജർക്കെതിരായ നടപടികളെ  പിന്തുണച്ചു സൂചി രംഗത്തെത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook