ഗുഡ്‌ഗാവ്: ബലിപെരുന്നാൾ ദിനത്തിൽ കാളക്കുട്ടികളെ അറക്കാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് നേരെ അതിക്രമം. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലാബ്‌ഗഡിനടുത്ത് മുജേരി വില്ലേജിൽ റോഡരികിൽ ടെന്റ് കെട്ടി താമസിച്ച 45 റോഹിങ്ക്യൻ അഭയാർത്ഥി കുടുംബങ്ങളെയാണ് നാട്ടുകാർ ആക്രമിച്ചത്.

“ആദ്യം അവർ കാളക്കുട്ടികളെ അവർക്ക് നൽകാൻ പറഞ്ഞു. ഞങ്ങൾ വിസമ്മതിച്ചപ്പോൾ കാളക്കുട്ടികളെ അവർക്ക് വിൽക്കാൻ പറഞ്ഞു. ബലിപെരുന്നാളിന് അറക്കാനാണ് അവയെ ചന്തയിൽ നിന്ന് വാങ്ങിയതെന്ന് പറഞ്ഞപ്പോൾ അവർ കൂടുതൽ പ്രശ്നമുണ്ടാക്കി. ശനിയാഴ്ച ചന്തയിൽ കൊണ്ടുപോയി ഇവയെ വിറ്റുകൊള്ളാം എന്ന് സമ്മതിച്ചാണ് അവരെ മടക്കി അയച്ചത്”, അഭയാർത്ഥിയായ സാകിർ അഹമ്മദ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് കാളക്കുട്ടികളെ കൈവശപ്പെടുത്തിയത്. ഇത് തടയാൻ ശ്രമിച്ച അഭയാർത്ഥികളായ പുരുഷന്മാരെ ഇവർ മർദ്ദിച്ചു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകളുടെ വസ്ത്രങ്ങൾ കീറിയതായും അഭയാർത്ഥികൾ കുറ്റപ്പെടുത്തി.

നാല് അഭയാർത്ഥികളെ ഇവിടെ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തെ കാട്ടിനകത്ത് വച്ച് ലാത്തിയും വടിയും ഉപയോഗിച്ച് മർദ്ദിച്ചതായും ആരോപണമുണ്ട്. പൊലീസിൽ പരാതിപ്പെട്ടാൽ അക്രമികൾ തങ്ങളെ കൊലപ്പെടുത്തിയേക്കുമെന്ന ഭയത്തിലാണ് അഭയാർത്ഥികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ