ദില്ലി: അഭയാര്‍ത്ഥികളായ റോഹിങ്ക്യന്‍ മുസ്ളീങ്ങളെ തിരിച്ചയക്കുമെന്ന് കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ആവശ്യമായ രേഖകളില്ലാതെ റോഹിങ്ക്യൻ മുസ്ലീമുകൾ ഉൾപ്പെടെ 2 കോടിയിലധികംപേർ അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിൽ ഉണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിക്കും. 40,000 ത്തോളം റോഹിങ്ക്യ മുസ്ളീം വിഭാഗക്കാര്‍ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക്.

ജമ്മുകശ്മീര്‍, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവടങ്ങളിയാണ് കുടിയേറിയ റോഹിങ്ക്യൻ മുസ്ലിങ്ങൾ താമസിക്കുന്നതെന്നും കേന്ദ്രസർക്കാർ പറയുന്നു. ബംഗ്ലാദേശിൽ നിന്നാണ് ഏറ്റവും അധികംപേർ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ഇതിനിടെ സംരക്ഷണമാവശ്യപ്പെട്ട് റോഹിങ്ക്യ മുസ്ളീം പ്രതിനിധി മുഹമ്മദ് സലീമുള്ള സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉടൻ പരിഗണിക്കും.

അഭയാര്‍ത്ഥികൾക്കുള്ള ഐക്യരാഷ്ട്രസഭ കമ്മീഷനിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സംവരണം വേണം എന്നതാണ് മുഹമ്മദ് സലീമുള്ളയുടെ ഹര്‍ജി ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള രേഖകൾ ഉള്ളവര്‍ക്ക് സംരക്ഷണം നൽകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ