ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലയിൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി കിരൺ റിജ്ജു. റോഹിങ്ക്യൻ മുസ്ലിംങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവരെ തിരിച്ചയക്കണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തെന്നാണ് ഇന്നലെ വാർത്ത വന്നത്.

ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർത്ഥികളെ തീവ്രവാദികൾ ഉപയോഗിച്ചേക്കാമെന്നും ഈ സാഹചര്യത്തിൽ ഇവരെ തിരിച്ചയക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നുമാണ് ഇന്നലെ കേന്ദ്രം കോടതിയിൽ നിലപാടെടുത്തതെന്നാണ് വാർത്ത വന്നിരുന്നു.

റോഹിങ്ക്യ അഭയാർഥികളെ തിരിച്ചയയ്ക്കുന്ന വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. രണ്ട് റോഹിങ്ക്യ അഭയാർഥികൾ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം തേടിയത്. തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്.

നേരത്തേ, കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഏകദേശം 40,000–ഓളം രോഹിൻഗ്യ മുസ്‌ലിംകൾ ഇന്ത്യയിലുണ്ട്. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോടെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാൻ സാധ്യമല്ലെന്നും യുഎൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, രണ്ടാഴ്ചയ്ക്കിടെ ബംഗ്ലദേശിൽ എത്തിയ അഭയാർഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ആയിരങ്ങൾ മ്യാൻമർ – ബംഗ്ലദേശ് അതിർത്തിയിലെ നാഫ് നദിക്കുസമീപം കാത്തുനിൽക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook