ന്യൂഡല്‍ഹി: എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും സാമ്പത്തിമായി പിന്നാക്കം നിക്കുന്ന വിഭാഗങ്ങള്‍(ഇ ഡബ്ല്യു എസ്)ക്കുള്ള ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്നു പറഞ്ഞ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയെ തിരുത്തി ആഭ്യന്തരമന്ത്രാലയം. അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബക്കര്‍വാലയിലെ ഇ ഡബ്ല്യു എസ് ഫ്‌ളാറ്റുകളിലേക്കു മാറ്റുമെന്നായിരുന്നു മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.
”റോഹിങ്ക്യകളെ പുതിയ സ്ഥലത്തേക്കു മാറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. അനധികൃത റോഹിങ്ക്യന്‍ വിദേശികള്‍ നിലവിലെ സ്ഥലത്ത് തുടരുമെന്ന് ഉറപ്പാക്കാന്‍ ജി എന്‍ സി ടി ഡിക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. അവരെ നാടുകടത്തുന്ന കാര്യം ബന്ധപ്പെട്ട രാജ്യവുമായി വിദേശകാര്യ മന്ത്രാലയം മുഖേന ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്തിട്ടുണ്ട്,” ആഭ്യന്തര മന്ത്രാലയം ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പറഞ്ഞു.
”രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്യുന്നു. എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ഡല്‍ഹിയിലെ ബക്കര്‍വാല ഏരിയയിലെ ഇ ഡബ്ല്യു എസ് ഫ്‌ളാറ്റുകളിലേക്കു മാറ്റും. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സിയായ യു എന്‍ എച്ച് സി ആറിന്റെ ഐ ഡിയും ഡല്‍ഹി പൊലീസിന്റെ സംരക്ഷണവും നല്‍കും,” എന്നായിരുന്നു മന്ത്രി ഹര്‍ദീപ് സിങ് പുരി ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തത്.
”ഇന്ത്യയുടെ അഭയാര്‍ത്ഥി നയത്തെ പൗരത്വ ഭേദഗതി നിയമ(സി എ എ)വുമായി ബോധപൂര്‍വം ബന്ധിപ്പിക്കാന്‍ കള്ളപ്രചാരണം നടത്തിയവര്‍ നിരാശരാകും. 1951 ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വംശമോ മതമോ മതമോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഇന്ത്യ അഭയം നല്‍കുന്നു,” അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഒരു ദശാബ്ദമായി മദന്‍പൂര്‍ ഖാദറിലും കാളിന്ദി കുഞ്ചിലും താമസിക്കുകയാണ്. 2018 ലും 2021 ലും രണ്ടുതവണ അവരുടെ വാസസ്ഥലങ്ങള്‍ അഗ്‌നിക്കിരയായിരുന്നു. തുടര്‍ന്ന്, അവര്‍ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ടെന്റുകളിലാണു താമസിക്കുന്നത്.
അഭയാര്‍ഥികളുടെ ഇപ്പോഴത്തെ സ്ഥലം തടങ്കല്‍ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
”അനധികൃത വിദേശികളെ നിയമപ്രകാരം നാടുകടത്തുന്നതു വരെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കണം. നിലവില്‍ അവര്‍ താമസിക്കുന്ന സ്ഥലം ഡല്‍ഹി സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ തന്നെ അതു ചെയ്യാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,” ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.