ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. റോഹിൻഗ്യൻ വംശജരെ ഇന്ത്യയിലേക്ക് കടത്താൻ മ്യാന്മാർ,പശ്ചിമ ബംഗാൾ,ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ചില അഭയാർത്ഥികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. അതിനാൽ തന്നെ ഇവരെ ഒഴിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു.

റോഹിങ്ക്യൻ അഭയാർത്ഥികൾ അനധികൃത കുടിയേറ്റക്കാരാണ്. ഇവർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ കനത്ത വെല്ലുവിളി ഉയർത്തുകയാണ്. റോഹിങ്ക്യൻ മുസ്ളിങ്ങൾക്ക് ഐസിസ് തീവ്രവാദികളും പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐയുമായും ബന്ധമുണ്ട്. ബംഗാൾ, ത്രിപുര, മ്യാന്മർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റോഹിൻഗ്യനുകൾ പ്രവർത്തിക്കുന്നത്.

ഒഴിപ്പിക്കൽ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് രണ്ട് റോഹിങ്ക്യൻ അഭയാർത്ഥികൾ സുപ്രീം കോടതിയിൽ നൽകിയ ഹരജികളിലാണ് കേന്ദ്ര സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചത്. അഭയാർത്ഥികളെ ഇന്ത്യയിലെത്തിക്കുന്നതിന് പ്രത്യേകം സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2012ൽ പ്രവർത്തനം ആരംഭിച്ച ഈ സംഘം ഇതുവരെ 40000ൽ അധികം റോഹിൻഗ്യൻ വംശജരെ ഇന്ത്യയിൽ എത്തിച്ചുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അഭയാർത്ഥികൾ രാജ്യത്ത് താങ്ങുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കും.

റോഹിങ്ക്യകൾക്ക് അനധികൃതമായി തിരിച്ചറിയൽ കാർഡുകളും പാൻ കാർഡുകളും ലഭിച്ചിട്ടുണ്ട്. മാത്രമല്ല,​ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹവാല ചാനൽ വഴി പണവും ലഭിക്കുന്നുണ്ടെന്നും 15 പേജുള്ള സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook