ധാക്ക: ക്രൂരമായ വംശീയ ഹത്യയെ തുടർന്ന് മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യൻ മുസ്‌ലിങ്ങളുടെ എണ്ണം 38,9000 ആയതായി ഐക്യരാഷ്ട്ര സഭ. യു.എൻ അഭയാർഥി വിഭാഗം വക്താവ് ജോസഫ് ത്രിപുരയാണ് ഏറ്റവും പുതിയ കണക്കുകൾ നൽകിയിരിക്കുന്നത്. നടന്നും ബോട്ട് വഴിയുമാണ് കൂടുതല്‍ പേരും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയംതേടിയെത്തുന്നത്.

ബംഗ്ലാദേശ് അതിർത്തിയായ കോക്സ്സ് ബസാറിനടുത്താണ് കൂടുതൽ അഭയാർത്ഥികൾ കുടിയേറിപ്പാർത്തത്. കഴിഞ്ഞ മാസം അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ 300,000 റോഹിങ്ക്യകൾ അഭയാർഥി ക്യാമ്പുകളിൽ എത്തിച്ചേർന്നിരുന്നു.

പുതുതായി ബംഗ്ലാദേശിലെത്തിയ അഭയാർത്ഥികളിൽ 60 ശതമാനവും കുട്ടികളാണെന്നാണ് ഐക്യരാഷ്ടസഭയുടെ കണക്കുകൾ. ഭക്ഷണം, വെള്ളം, താമസിക്കാനുള്ള ഇടം തുടങ്ങിയവയൊന്നും അഭയാർത്ഥികൾക്ക് ലഭിക്കുന്നില്ലെന്ന് ബംഗ്ലാദേശിലെ യുനിസെഫ് പ്രതിനിധി എഡ്വേർഡ് ബെയ്ബെദർ പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ വൻ ദുരന്തമായിരിക്കും വരാൻ പോകുന്നതെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജനങ്ങളുടെ കൂട്ടം പാലായനം തുടരുകയാണെങ്കിൽ പരിണത ഫലം മനുഷ്യ മഹാദുരന്തമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് സുരക്ഷ സമിതയിയെ അറിയിച്ചിട്ടുണ്ട്.

മ്യാൻമാർ സർക്കാരിന്റെ ക്രൂരമായ പീഡനത്തിനെ തുടർന്ന് രണ്ടാഴ്ചക്കകം മൂന്ന് ലക്ഷത്തിലധികം റോഹിങ്ക്യൻ മുസ്ലീങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്. ബുദ്ധമത ഭൂരിപക്ഷമായ മ്യാന്മറിലെ സൈന്യം അതിര്‍ത്തിയില്‍പോലും റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിക്കുകയാണ്.

അതേസമയം, ഇന്ത്യയിൽ കഴിയുന്ന റോഹീങ്ക്യൻ അഭയാർഥികൾ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റോഹീങ്ക്യകളെ തിരിച്ചയക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

റോഹിങ്ക്യ അഭയാർഥികളെ തിരിച്ചയയ്ക്കുന്ന വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. രണ്ട് റോഹിങ്ക്യ അഭയാർഥികൾ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം തേടിയത്. തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്.

ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംങ്ക്യൻ മുസ്ലീങ്ങള്‍ക്ക് ആവശ്യമായി സാധനസാമഗ്രഹികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം നാളെ ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തും. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രിഗേല അവശ്യവസ്തുകള്‍ ബംഗ്ലാദേശ് ഗതാഗതമന്ത്രി ഒബൈദുള്‍ ഖ്വദറിന് കൈമാറുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ