ചണ്ഡീഗഡ്: മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആക്രമണത്തെത്തുടർന്ന് സ്ഫോടനം. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ആർക്കും പരുക്കില്ല. രാത്രി 7.45 ഓടെയാണ് ആക്രമണം നടന്നതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവസ്ഥലം സന്ദർശിച്ച പഞ്ചാബ് ഡിജിപി വിരേഷ് കുമാർ ഭാവ്ര ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ആക്രമണത്തിൽ കെട്ടിടത്തിന്റെ ചുമരിന് കേടുപാടുണ്ടായി. ജനൽ ചില്ലുകൾ തകരുകയും ചെയ്തു.
ഇന്റലിജൻസ് ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിനു മുന്നിൽ നിർത്തിയ കാറിൽനിന്നാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണശേഷം ഒരു കാർ പോകുന്നത് കണ്ടതായി ഡിജിപി പറഞ്ഞു.

സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മൊഹാലി നഗരം പൂർണമായി അടയ്ക്കുകയും ചണ്ഡീഗഡ് പൊലീസിൽനിന്നുള്ള ദ്രുത പ്രതികരണ സംഘവും എസ്എസ്പി കെ എസ് ചാഹലും സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു,
ഐജി റാങ്കിലുള്ളവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. ജനസാന്ദ്രതയേറിയ പ്രദേശത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ഓഫീസിനു സമീപം മഹാരാജ രഞ്ജിത് സിങ് ആംഡ് ഫോഴ്‌സ് പ്രിപ്പറേറ്ററി അക്കാദമി, ആശുപത്രി, സ്‌കൂൾ എന്നിവയുണ്ട്.
അടുത്തിടെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് തീവ്രവാദികളെന്ന് സംശയിക്കുന്ന നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 24 ന് ചണ്ഡീഗഡിലെ ബുറൈൽ ജയിലിനു സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.