ന്യൂഡൽഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണു വാദ്രക്കെതിരായ നീക്കം ഇഡി ശക്തമാക്കിയത്.
റോബര്‍ട്ട് വാദ്ര ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്. വാദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്തു.
വാദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി അറിയിച്ചു. അന്വേഷണ സംഘവുമായി വാദ്ര യാതൊരുവിധത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂയെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
Read Also: ‘ഞങ്ങളവളെ രാജ്യത്തിന് നൽകുന്നു’, പ്രിയങ്കയ്ക്ക് ആശംസകളുമായി റോബർട്ട് വാദ്ര
ലണ്ടനില്‍ 19 ലക്ഷം പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബർട്ട് വാദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഡൽഹിയിലെ പാട്യാല കോടതി വാദ്രയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സാമ്പത്തികത്തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രക്ക് ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാൻ കോടതിയിൽനിന്നു നേരത്തെ അനുമതി ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ എട്ടു വരെ സ്പെയിനില്‍ പോകാനാണു ഡൽഹിയിലെ കോടതി വാദ്രയ്ക്ക് അനുമതി നൽകിയത്. വാദ്രയ്ക്ക് വിദേശത്തു പോകാൻ അനുമതി നൽകിയതിനെ ഇഡി എതിർത്തെങ്കിലും കോടതി നിലപാട് മാറ്റിയില്ല.