ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭത്താവുമായ റോബർട് വാധ്ര ഹരിയാനയിലെ ഭൂമിയിടപാടിൽ 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. ഭൂവിനിയോഗ ചട്ടങ്ങൾ ലംഘിക്കാൻ വഴിവിട്ട സഹായം വാധ്രയ്ക്ക് കിട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇക്കണോമിക് ടൈംസ് ആണ് പുറത്തുവിട്ടത്.
2008 ലാണ് റോബർട് വാധ്രയുടെ ഭൂമിയിടപാട് നടന്നത്. വാധ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് എന്ന കമ്പനി മറ്റൊരു കമ്പനിയിൽനിന്നും ഭൂമി വാങ്ങി. പിന്നീട് ഇത് ഡിഎൽഎഫിനു മറിച്ചുവിറ്റു. ഈ കൈമാറ്റത്തിൽനിന്നും 50 കോടി രൂപയുടെ ലാഭം ഉണ്ടായി. ഭൂവിനിയോഗ ചട്ടങ്ങൾ ലംഘിക്കാൻ വാധ്രയ്ക്ക് പലരുടെയും സഹായം ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2015 ലാണ് ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടർ സർക്കാർ റോബർട്ട് വാധ്രയുടെ ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. ജസ്റ്റിസ് എസ്.എന്‍.ധിന്‍ഗ്രയുടെ അധ്യക്ഷതയിലായിരുന്നു ഈ കമ്മിഷൻ.