സാവോപോളോ: ലക്ഷ്യം വച്ചത് 2000 കോടി രൂപ സ്വന്തമാക്കാന്‍. അത്യാധുനിക ആയുധങ്ങളുപയോഗിച്ച് മൂന്നു മാസത്തെ കഠിനാധ്വാനം. ഒടുവില്‍ 600 മീറ്റര്‍ വരെ നീളമുള്ള തുരങ്കമുണ്ടാക്കി. നോട്ടുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക ട്രാക്ക്. എന്നാല്‍ ക്ലൈമാക്‌സില്‍ അടിതെറ്റി, പിടിയിലായി.

സാവോപോളോയിലെ ഒരു പ്രമുഖ ബാങ്ക് കൊള്ളയടിക്കാന്‍ ഒരു കൂട്ടം മോഷ്ടാക്കള്‍ നടത്തിയ പദ്ധതിയാണ് ഇപ്പോള്‍ പറഞ്ഞത്. ഇതിനായി ഇവര്‍ തീര്‍ത്തത് പ്രൊഫഷണല്‍ നിര്‍മാതാക്കളെ വെല്ലുന്ന തരത്തിലുള്ള 600 മീറ്റര്‍ തുരങ്കമാണ്. തുരങ്കത്തെ താങ്ങി നിര്‍ത്താനുള്ള ഇരുമ്പ് തൂണുകള്‍, പണം വലിച്ച് കൊണ്ട് പോവാനുള്ള പ്രത്യേകം ട്രാക്കുകള്‍, എന്തിന് വൈദ്യുതി പോലും മോഷ്ടാക്കള്‍ തുരങ്കത്തിനുള്ളില്‍ ഒരുക്കിയിരുന്നു. ഇതില്‍ ഉൾപ്പെട്ട 16 പേരെയാണ് ബ്രസീലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

100 കോടി റിയാസ് (ബ്രസീല്‍ കറന്‍സി) ഏകദേശം 2000 കോടി രൂപയോളം ബാങ്കില്‍ നിന്ന് നഷ്ടമാവുമായിരുന്നുവെന്നാണ് പൊലീസ് കണക്കാക്കുന്നത്.

പദ്ധതി നടന്നിരുന്നെങ്കില്‍ ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ മോഷണങ്ങളില്‍ ഒന്നായി ഇത് മാറിയേനെ എന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രത്യേകം ഫാനിന്റെയും ലൈറ്റുകളുടെയും സഹായത്തോടെ സമീപത്തെ ഒരു വീട്ടില്‍ നിന്നാണ് തുരങ്കം നിര്‍മ്മിച്ച് തുടങ്ങിയത്. തുരങ്കത്തിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ