ഹൈദരാബാദ്: കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. കോർപറേറ്റ് ടാക്‌സില്‍ ഇളവ് വരുത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. തൊഴിലാളികള്‍ക്കാണോ വ്യവസായികള്‍ക്കാണോ സഹായം വേണ്ടതെന്നായിരുന്നു ഒവൈസി ചോദിച്ചത്.

”തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമുള്ളപ്പോള്‍ നികുതി ഭാരത്തില്‍നിന്ന് ആശ്വാസം നല്‍കേണ്ടത് ആര്‍ക്കാണ്? നിങ്ങള്‍ക്കോ വലിയ ബിസിനസുകാർക്കോ? ആര്‍ക്കാണ് സഹായം വേണ്ടത്? വ്യവസായികള്‍ക്കോ തൊഴിലാളികള്‍ക്കോ?” ഒവൈസി ചോദിച്ചു.

Read Also: കോര്‍പറേറ്റ് നികുതി കുറച്ച് കേന്ദ്രം; ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

കോർപറേറ്റുകള്‍ക്ക് വായ്പ നല്‍കുന്നു, അവരുടെ നികുതിയില്‍ ഇളവ് കൊടുക്കുന്നു, എന്തുകൊണ്ടാണ് നിര്‍മല സീതാരാമന്‍ ഇത്ര ഉദാരമനസ് കാണിക്കുന്നതെന്ന് ഒവൈസി ചോദിച്ചു. കടത്തില്‍ കുടുങ്ങിയ കര്‍ഷകരും വിദ്യാഭ്യാസ ലോണെടുത്ത, തൊഴിലില്ലാത്ത യുവാക്കളും സ്വയം കടം അടയ്ക്കണമെന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാവങ്ങളെ കൊള്ളയടിച്ച് പണക്കാര്‍ക്ക് പാരിതോഷികം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോർപറേറ്റ് നികുതിയില്‍ വന്‍ ഇളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളളത്. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ഈ നീക്കത്തിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook