ന്യൂഡൽഹി: ദേശീയ പാതയോരത്തെ മദ്യശാലനിരോധനത്തിൽ നിന്നൊഴിവാകാൻ നഗരത്തിനുളളിലെ റോഡുകളെ പുനർവിജ്ഞാപനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. നഗരത്തിനുളളിലുളള റോഡുകളാണെങ്കിൽ പ്രശ്നങ്ങളില്ല. എന്നാൽ റോഡുകൾ പുനർ വിജ്ഞാപനം ചെയ്യുന്നതിൽ വിവേചന ബുദ്ധി കാണിക്കണമെന്നും കോടതി വ്യക്തമാക്കി. റോഡുകളുമായി ബന്ധപ്പെട്ട് നേരത്തെ വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിരവധി ബാറുകൾ പൂട്ടിയിരുന്നു. രാജ്യവ്യാപകമായി ഈ വിധിയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം ബാറുകളും പൂട്ടിയിരുന്നു. ഇത് സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യത്തിൽ പലസംസ്ഥാനങ്ങളും ദേശീയ, സംസ്ഥാന പാതകളെ പുനർവിജ്ഞാപനത്തിലൂടെ മാറ്റി നിശ്ചയിച്ച് ബാറുകൾ തുറക്കാൻ അനുമതി നൽകാൻ ആരംഭിച്ചു. ഈ​ തീരുമാനത്തിനെതിരെ നൽകിയ കേസിലാണ് കോടതിയുടെ വിധി.

ദേശീയ പാതയിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപിക്കാതിരിക്കാനാണ് പാതയോരത്തെ മദ്യശാലകൾ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടെതെന്നും സുപ്രീംകോടതി അറിയിച്ചു. ദേശീയ പാതയോരത്തെ മദ്യശാലകൾ നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ ചണ്ഡീഗഡ് സർക്കാർ റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്തുവെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്ത ചണ്ഡീഗഡ് സർക്കാരിനെതിരെ അറൈവ് സേഫ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതികൾ ഹർജി തളളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ദേശീയപാതയ്ക്ക് 500 മീറ്റര്‍ പരിധിയിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും മദ്യം നിരോധിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പിന്നീട് സുപ്രീം കോടതിയുടെ മറ്റൊരു വിധിയില്‍ 20,000ത്തില്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ 500 മീറ്റര്‍ എന്നത് 220 മീറ്റര്‍ ആയി ചുരുക്കിയിരുന്നു. എന്നാൽ 20,000ത്തിലധികം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച വിധി നിലനില്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook