ന്യൂഡല്‍ഹി: ഗൂഗിള്‍, മാപ്മൈഇന്ത്യ തുടങ്ങിയ സ്വകാര്യ ഭൂപട പ്ലാറ്റ്ഫോമുകളില്‍ രാജ്യത്തെ 30 ശതമാനം റോഡുകളും അടയാളപ്പെടുത്തിയിട്ടില്ല ഇതിനെ തരണം ചെയ്യാനായി സ്വന്തമായൊരു പ്ലാറ്റ്ഫോം ഒരുക്കാന്‍ ആലോചിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സിഡിഎസി) എന്ന സംഘടനയെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇലക്ട്രോണിക്സ്- ഇൻഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഇന്ത്യയിലെ റോഡുകള്‍ അടയാളപ്പെടുത്തുന്ന പ്രക്രിയ എങ്ങനെ എളുപ്പമാക്കാം എന്ന് പഠിക്കാന്‍ സിഡിഎസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
“ഇന്ത്യയിലെ റോഡുകള്‍ അടയാളപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിച്ചുവരികയാണ് ഇപ്പോള്‍. ഈ അടുത്ത് ഞങ്ങള്‍ നാവികസേനയ്ക്ക് വേണ്ടി ഒരു ഭൂപടം ഒരുക്കുകയുണ്ടായി. കടലിലെ കാലാവസ്ഥ, ജലപ്രവാഹം, എളുപ്പമുള്ള വഴികള്‍ എന്നിവ കണ്ടെത്താനുതകുന്നതാണ് ഈ ആപ്പ്. ഈ പ്രോജക്ട് ഏറ്റെടുക്കുകയാണ് എങ്കില്‍ എന്തുകൊണ്ട് അത് എടുക്കണം, അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെയൊക്കെ പുതുമ കൊണ്ടുവരാം എന്ന കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.” മന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു എന്ന് സ്ഥിരീകരിച്ച സിഡിഎസി ഡയറക്ടര്‍ ദേബാശിഷ് ദത്ത ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.
ഈ മാസം ആദ്യം നടന്നൊരു യോഗത്തില്‍ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് റോഡുകള്‍ക്ക് ദേശീയ നയം രൂപവൽക്കരിക്കാൻ ചില കമ്പനികൾ നിർദ്ദേശിച്ചിരുന്നു. ചില സ്വകാര്യ കമ്പനികൾ ശ്രമിച്ചുവെങ്കിലും നിക്ഷേപം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ റോഡുകളിൽ ഏകദേശം 30 ശതമാനവും ഇപ്പോഴും ഡിജിറ്റൽ മാപ്പുകളില്‍ ഇല്ല.