ഭോപ്പാൽ: മധ്യപ്രദേശിലെ റോഡുകൾ ലോക്‌സഭ അംഗവും സിനിമാ താരവുമായ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുളളതാക്കുമെന്ന വിവാദ പ്രസ്താവനയുമായി കാബിനറ്റ് മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.സി.ശർമ. ഭോപ്പാലിലെ ഹാബിഗഞ്ച് പ്രദേശത്ത് പിഡബ്ല്യുഡി മന്ത്രി സജ്ജൻ വെർമയ്ക്കൊപ്പം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

”വാഷിങ്ടണിലേതിനു സമാനമായ രീതിയിലാണ് മധ്യപ്രദേശിലെ റോഡുകൾ നിർമിച്ചിട്ടുളളത്. ഇപ്പോൾ ഈ റോഡുകൾക്ക് ഇതെന്തു പറ്റി? ശക്തമായ മഴയ്ക്കുശേഷം എല്ലായിടത്തും കുഴികളാണ്. നിലവിൽ വസൂരിക്ക് സമാനമാണ് റോഡുകളുടെ അവസ്ഥ. ബിജെപി നേതാവ് കൈലാഷ് വിജയ്‌വർഗിയയുടെ കവിൾ പോലെ റോഡുകളുടെ അവസ്ഥ മാറിയതായി തോന്നുന്നു” മുൻ ബിജെപി സർക്കാരിനെ പരിഹസിച്ച് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാഷിങ്ടൺ പരാമർശം ബിജെപിയുടെ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കളിയാക്കി കൊണ്ടുളളതാണ്. 2017 ൽ യുഎസ് സന്ദർശനത്തിനുശേഷം മധ്യപ്രദേശിലെ റോഡുകൾ യുഎസിലേതിനെക്കാൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാഷിങ്ടൺ ഡിസിയിലെ 92 ശതമാനം റോഡുകളും മോശം അവസ്ഥയിലാണെന്ന ഒരു സർവേ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പരാമർശം.

മുഖ്യമന്ത്രി കമൽനാഥിന്റെ നിർദേശപ്രകാരം 15 ദിവസത്തിനുള്ളിൽ ഈ റോഡുകൾ നന്നാക്കുമെന്ന് പറഞ്ഞ മന്ത്രി പി.സി.ശർമ, എത്രയും പെട്ടെന്ന് ഹേമമാലിനിയുടെ കവിളുകൾപോലെ റോഡുകൾ മിനുസമാർന്നതാക്കുമെന്ന ഉറപ്പും നൽകി. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കമൽനാഥ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ രംഗത്തുവന്നതിനെത്തുടർന്നാണു മന്ത്രിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook