മുംബൈ: മുംബൈ മേയർ സ്ഥാനം ശിവസേനക്ക്​ ലഭിക്കുമെന്ന്​ ഉറപ്പാക്കി ബിജെപിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ശിവസേനക്ക്​ മേയർ പദവി ലഭിക്കുന്നതിനെ എതിർക്കി​ല്ലെന്ന്​ ബി.ജെ.പി വ്യക്​തമാക്കി. മുംബൈ കോർപ്പറേഷനിലെ സ്​റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി മൽസരിക്കില്ലെന്നും എന്നാൽ ശിവസേനക്ക്​ പിന്തുണ നൽകുമെന്നും മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ വ്യക്​തമാക്കി.
മഹാരാഷ്​ട്രയിലെ ജനങ്ങൾ ബി.ജെ.പിയെ ബഹുമാനിക്കുന്നുണ്ട്​. കോർപ്പറേഷനിൽ പ്രതിപക്ഷത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

​ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിക്കുന്നതിനായി ബി.ജെ.പിയും ശിവസേനയും തമ്മിൽ കടുത്ത മൽസരമാണ്​ നടത്തിയത്​. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചത്​ ശിവസേനക്കായിരുന്നു.

ശിവസേന നേതാവ് ഉദ്ദവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും തമ്മിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ വന്ന തിരഞ്ഞെപ്പ് ഇരു പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമായിരുന്നു.
114 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മുംബൈ ശിവസേനയ്ക്ക് 84 സീറ്റും ബി.ജെ.പിക്ക് 82 സീറ്റുമാണ് ലഭിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ