ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിനിയമത്തിനെതിരായ പ്രക്ഷോഭത്തെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം സംബന്ധിച്ച കേസില്‍ ഗൂഢാലോചന കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഒരുങ്ങി പൊലീസ്. ഗൂഢാലോചനയെത്തുടര്‍ന്നാണ് എല്ലാം ആരംഭിച്ചതെന്നും ഗതാഗതക്കുരുക്ക് ഇതിന്റെ ഭാഗമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സിഎഎ-എന്‍ആര്‍സി അനുകൂല പ്രക്ഷോഭകരുടെ പങ്കാളിത്തത്തിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഇക്കാര്യം ഡല്‍ഹി പൊലീസ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ കമ്മിഷണര്‍ എസ്എന്‍ ശ്രീവാസ്തവയും ഡെപ്യൂട്ടി കമ്മിഷണര്‍ (സ്‌പെഷല്‍ സെല്‍) പ്രമോദ് സിങ് കുശ്വാഹയും പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

”ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ആദ്യം എല്ലാ സ്ഥലങ്ങളും കണ്ടു. എല്ലായിടത്തും ഒരേസമയം ഒരേ തരത്തില്‍ ഗതാഗതക്കുരുക്ക് ആരംഭിച്ചതായി കണ്ടെത്തി. സംഭവത്തിനുപിന്നില്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്,”കുശ്വാഹ പറഞ്ഞു.

Also Read: രാജ്യത്ത് കോവിഡ് ബാധിതര്‍ 50 ലക്ഷത്തിലേക്ക്‌; മരണം 80,000 കടന്നും

കലാപത്തിന് ഒരു ദിവസം മുമ്പ് ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, ”സിഎഎ-എന്‍ആര്‍സി അനുകൂലികള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന ആഖ്യാനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് ഇതുവരെ അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല,”എന്ന് കുശ്വാഹ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവ് ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമറിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് പൊലീസ്. ചലച്ചിത്ര പ്രവര്‍ത്തകരായ രാഹുല്‍ റോയിയെയും സാബ ദിവാനെയും ഇന്നലെ എട്ടു മണിക്കൂറോളം ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ ചോദ്യം ചെയ്തിരുന്നു.

ഖാലിദിന്റെ അറസ്റ്റിനും ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിനുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് ശ്രീവാസ്തവ വെബിനാറില്‍ പരാമര്‍ശിച്ചു. ”ഞങ്ങള്‍ അന്വേഷണത്തിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തു. അതിനാല്‍ കൂടുതല്‍ മുറവിളികളുണ്ട്, പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ടിവി ചാനലുകളിലും. അവര്‍ അന്വേഷണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ അന്വേഷിക്കുന്ന ആളുകള്‍ക്ക് വളരെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ സാന്നിധ്യമുണ്ടെന്ന് നിങ്ങള്‍ക്കറിയാം,”ശ്രീവാസ്തവ പറഞ്ഞു.

Also Readചൈന ഇന്ത്യയെ നിരീക്ഷിക്കുന്നു; ഗൗരവമേറിയ കാര്യം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം

കലാപത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു. ”കുറ്റപത്രം സമര്‍പ്പിക്കുന്നത് അടുത്തുവരുന്ന സാഹചര്യത്തില്‍, കൂടുതല്‍ കൂടുതല്‍ കോലാഹലങ്ങളും വാര്‍ത്തകളും ഉണ്ട്. അന്വേഷത്തെ അപകീര്‍ത്തിപ്പെടാന്‍ ചില താല്‍പ്പര്യ ഗ്രൂപ്പുകളുടെ ചില ശ്രമങ്ങളുണ്ട്. പൊലീസ് 751 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ വളരെ നീതിപൂര്‍വകമായും നിഷ്പക്ഷമായുാണ് അന്വേഷണം നടന്നത്. 751 കേസുകളില്‍ 340 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയായി ബാക്കിയുള്ളവയില്‍ ഞങ്ങള്‍ക്കു കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല,”ശ്രീവാസ്തവ പറഞ്ഞു.

Read in IE: Road blocks during Delhi riots sign of conspiracy, chargesheet by Thursday: Police

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook