ന്യൂഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ കൂടിവരികയാണെന്നും ഇത് കോവിഡ് -19 മഹാമാരിയെക്കാൾ ഗുരുതരമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അപകടങ്ങൾ കുറയ്ക്കുന്നതിനായി രാജ്യത്തെ 40,000 കിലോമീറ്റർ ഹൈവേകളെ സുരക്ഷാ ഓഡിറ്റിന് വിധേയമാക്കുകയാണെന്നും ഇതുവഴി റോഡുകളുടെ രൂപകൽപനയും മറ്റ് കുറവുകളും കണ്ടെത്തുന്നതിനും ശരിയാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഓരോ വർഷവും ഒന്നര ലക്ഷം പേരുടെ ജീവനാണ് റോഡപകടങ്ങളിൽ പൊലിയുന്നത്. ഏകദേശം 3.5 ലക്ഷം പേർക്ക് പരുക്കേൽക്കുന്നു. പ്രതിദിനം 415 പേരോളം മരണമടയുന്നു. മരിക്കുന്നവരിൽ 70 ശതമാനം പേരും18 നും 45 വയസിനും ഇടയിലുള്ളവരാണ്. രാജ്യത്തെ ഈ സാഹചര്യം കോവിഡ്-19 മഹാമാരിയെക്കാൾ ഗുരുതരമായി വരികയാണ്,” ഗഡ്കരി പറഞ്ഞു.
“നിർഭാഗ്യവശാൽ ലോകത്തിലെ റോഡപകടങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് നാം. യുഎസിനും ചൈനയ്ക്കും മുന്നിൽ. ഗതാഗത മന്ത്രി എന്ന നിലയിൽ ഞാൻ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്,” അദ്ദേഹം പറഞ്ഞു.
Read More: സ്പെഷൽ മാര്യേജ് ആക്ട്: 30 ദിവസത്തെ നോട്ടീസ് ആവശ്യമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
ഇന്ത്യൻ റോഡുകളിലെ അപകടങ്ങൾ കാരണം ദിനംപ്രതി 415 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഇതുവഴി ജിഡിപിയുടെ 3.14 ശതമാനം നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്, പ്രതിവർഷം 1.5 ലക്ഷം പേർ കൊല്ലപ്പെടുകയും 3.5 ലക്ഷത്തിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്യുന്നു.
2025 ഓടെ റോഡപകട മരണനിരക്ക് ഇപ്പോഴുള്ളതിന്റെ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഇന്റർനാഷണൽ റോഡ് ഫെഡറേഷന്റെ വെബിനാറിൽ ഗഡ്കരി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് 14,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് അപകടങ്ങളിൽ 38 ശതമാനവും, മരണങ്ങൾ 54 ശതമാനവും കുറയ്ക്കാൻ തമിഴ്‌നാടിന് കഴിയുമ്പോൾ മറ്റ് സംസ്ഥാനങ്ങൾ റോഡ് സുരക്ഷാ രംഗത്ത് പിന്നിലാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച മന്ത്രി തമിഴ്‌നാട് മാതൃക നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
“ഇന്ത്യയിൽ റോഡപകട മരണങ്ങളിൽ 78 ശതമാനവും ഇരുചക്ര വാഹന യാത്രികർ, സൈക്കിൾ യാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവരാണ്. ദുർബലരായ ഈ റോഡ് ഉപയോക്തൃ വിഭാഗത്തിന്റെ സംരക്ഷണവും സുരക്ഷയുമാണ് കേന്ദ്രത്തിന്റെ മുൻഗണന,” അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഡ്രോണുകൾ, ആപ്ലിക്കേഷൻ അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ എന്നിവ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി പറഞ്ഞു. 60 ശതമാനം അപകടങ്ങളും റോഡ് ജംങ്ഷനുകളിലാണ് സംഭവിക്കുന്നത്, അവയുടെ രൂപകൽപ്പപനയിലും നിർമ്മാണത്തിലും കുറവുകളുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.