/indian-express-malayalam/media/media_files/uploads/2018/12/RLSP.jpg)
ന്യൂഡൽഹി: ബിഹാറിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെത്തുടർന്ന് എൻഡിഎ സർക്കാരിനുളള പിന്തുണ പിൻവലിച്ച ആർഎൽഎസ്‌പി പ്രതിപക്ഷത്തെ വിശാല സഖ്യത്തിനൊപ്പം ചേർന്നു. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
എൻഡിഎ സർക്കാരിൽ കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രിയായിരുന്ന രാഷ്ട്രീയ ലോക് സമത പാർട്ടി (ആർഎൽഎസ്‌പി) നേതാവ് ഉപേന്ദ്ര കുശ്വാഹ ഈ സ്ഥാനം ഡിസംബർ പത്തിന് രാജിവച്ചിരുന്നു. വ്യാഴാഴ്ച പ്രതിപക്ഷത്തിന്രെ ഭാഗമായ ഇവർ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം പ്രവർത്തിക്കുമെന്നാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
'ഞങ്ങൾക്ക് ഒരുപാട് സാധ്യതകളും വഴികളും ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. യുപിഎ അതിൽ ഒന്ന് മാത്രമാണ്. രാഹുൽ ഗാന്ധിയും ലാലു യാദവും വിശാല മനസ്കരാണ്. എന്നാൽ ഈ സഖ്യത്തിൽ ഞങ്ങൾ ഭാഗമാകാനുളള പ്രധാന കാരണം ബിഹാറിലെ ജനങ്ങളാണ്," അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലോക് സമത പാർട്ടി ബിഹാറിൽ കോൺഗ്രസ്സും ആർജെഡിയും ശരദ് യാദവും ചേർന്നുളള വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം കൈകോർക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് എൻഡിഎയുമായി ഉപേന്ദ്ര അകലുന്നത്. ഒക്ടോബറിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജെഡി (യു) മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തുല്യ സീറ്റുകളിൽ മത്സരിക്കുമെന്നും സഖ്യകക്ഷികളായ ചെറു പാർട്ടികളുടെ സീറ്റ് വിഹിതം കുറയ്ക്കുമെന്നുമാണ് അന്ന് അമിത് ഷാ പറഞ്ഞത്. ഇതാണ് ഉപേന്ദ്രയെ ചൊടിപ്പിച്ചത്.
ബിഹാറിൽ 2014 ൽ എൻഡിഎ സഖ്യത്തിൽ ചേർന്ന് മത്സരിച്ച ആർഎൽഎസ്‌പി മൂന്നു സീറ്റുകളിലാണ് വിജയം നേടിയത്. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ തവണ നൽകിയതിനെക്കാൾ സീറ്റ് കുറച്ച് ആര്‍എല്‍എസ്പിക്ക് നല്‍കാൻ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.