ന്യൂഡൽഹി: ഗുജറാത്ത് കലാപ കേസിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ മുൻ സിബിഐ ഡയറക്ടർ ആർ.കെ.രാഘവനെ സൈപ്രസ്സിലെ ഇന്ത്യൻ സ്ഥാനപതി ആയി നിയമിച്ചു. ആർ.കെ.രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുജറാത്ത് കലാപ കേസുകൾ അന്വേഷിച്ചത്. മോദിയെ വെള്ളപൂശിയതിന് ലഭിച്ച പ്രതിഫലമായിട്ടാണ് ഇദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചതെന്നാണ് ആരോപണം. ഗുജറാത്ത് കലാപകേസ് അന്വേഷിച്ച അഹമ്മദ് ജാവേദ് എന്ന ഉദ്യോഗസ്ഥനെ സൗദിയിലെ അംബാസിഡറായും നിയമിച്ചിട്ടുണ്ട്.

കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ആണ് ആര്‍.കെ.രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുല്‍ബര്‍ഗ് ഹൗസിങ് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഷാന്‍ ജെഫ്രിയുടെ വിധവ സാക്കിയ ജെഫ്രി നല്‍കിയ പരാതി 2008 ല്‍ ആര്‍.കെ.രാഘവന്‍ നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

2012 ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മോദിക്ക് എതിരെ തെളിവ് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ആണ് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ബിജെപി ഉയര്‍ത്തിക്കാണിക്കാന്‍ ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook