ചെന്നൈ: തമിഴ്നാട്ടിൽ എപ്പോഴൊക്കെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായാലും അത് നിയമസഭയിലേക്കോ, ലോക്‌സഭയിലേക്കോ ഉപതിരഞ്ഞടുപ്പോ, മുൻസിപ്പൽ തിരഞ്ഞെടുപ്പോ ആകെട്ടെ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ അഭിപ്രായം നിർണായകമാണ്. ജനങ്ങൾക്കിടയിൽ രജനീകാന്തിന്റെ വാക്കുകൾ വലിയ സ്വാധീനം ചെലുത്താറുണ്ട്. അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറുമുണ്ട്. രജനീകാന്ത് തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന് തമിഴ് മക്കൾ ഒന്നടങ്കം ആഗ്രഹിക്കുന്ന കാര്യമാണ്. അത്രമേൽ രജനീകാന്തിനെ അവർ സ്നേഹിക്കുന്നുണ്ട്. എന്നാൽ തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും അതിനാൽത്തന്നെ തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും രജനീകാന്ത് നേരത്തെതന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

തമിഴ്നാട്ടിൽ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ജയലളിതയുടെ മണ്ടലമായ ആർകെ നഗറിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണയും ഏവരും ആകാംക്ഷയോടെ നോക്കിയിരുന്നത് രജനീകാന്ത് ഏതു പാർട്ടിയെ പിന്തുണയ്ക്കുമെന്നതാണ്. ബിജെപി സ്ഥാനാർഥിയായി മൽസരിക്കുന്ന സംഗീത സംവിധായകൻ ഗംഗൈ അമരനു രജനീകാന്ത് പിന്തുണ അറിയിക്കുമെന്നു ചില സൂചനകളുണ്ടായിരുന്നു. രജനീകാന്തിന്റെ അടുത്ത സുഹൃത്താണ് ഗംഗൈ അമരൻ. ഗംഗൈ അമരൻ അടുത്തിടെ രജനീകാന്തിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഗംഗൈ അമരനു രജനീകാന്ത് എല്ലാവിധ വിജയാശംസകൾ നേരുകയും ചെയ്തു. ഇതുംകൂടി ആയപ്പോൾ രജനീകാന്തിന്റെ പിന്തുണ ബിജെപി പാർട്ടിക്കാകുമെന്നു എല്ലാവരും കരുതി.

എന്നാൽ രജനീകാന്ത് എല്ലാവരെയും ഒരിക്കൽകൂടി ഞെട്ടിച്ചു. എല്ലാ കാര്യത്തിലും സ്വതന്ത്രമായി നിലപാടെടുക്കുന്ന രജനീകാന്ത് ഇത്തവണയും അതു തെറ്റിച്ചില്ല. വരുന്ന ഉപതിരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ആർക്കുമില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ വെളിപ്പെടുത്തൽ.

ജയലളിതയുടെ മരണത്തോടെയാണ് ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രിൽ 12 നാണ് തിരഞ്ഞെടുപ്പ്. ടിടിവി ദിനകരനാണ് അണ്ണാ ഡിഎംകെയ്ക്കായി മൽസരിക്കുന്നത്. ശശികലയുടെ സഹോദര പുത്രനും പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറുയുമാണ് ദികരൻ. ഇ.മധുസൂദനൻ ആണ് പനീർസെൽവം പക്ഷത്തിനായി മൽസരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ