ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ആർകെ നഗർ അടക്കം രാജ്യത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ സിക്കന്ദ്ര, പശ്ചിമ ബംഗാളിലെ സബാംഗ്, അരുണാചൽ പ്രദേശിലെ പാക്കേ കസാംഗ്, ലിക്കാബലി എന്നിവിടങ്ങളിലും ഇന്നാണ് ഉപതിരഞ്ഞെടുപ്പ്.

എല്ലായിടത്തും രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്ടിലെ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയിലെ ഭിന്നിപ്പാണ് പ്രധാന ചർച്ച വിഷയം. ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ മരുമകൻ ടിടിവി ദിനകരനും ഡിഎംകെ സ്ഥാനാർത്ഥി മരുതുഗണേഷും അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷ സ്ഥാനാർത്ഥി ഇ.മധുസൂദനനും തമ്മിലാണ് പ്രധാന മത്സരം.

ജയലളിത ചികിത്സയിൽ കഴിഞ്ഞ അന്ത്യനാളുകളിലെ ആശുപത്രി ദൃശ്യങ്ങളിലൊന്ന് ടിടിവി ദിനകരൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബിജെപി, ബിഎസ്‌പി സ്ഥാനാർത്ഥികളടക്കം ആകെ 59 പേരാണ് ആർകെ നഗറിൽ മത്സരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ