ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ കുതിപ്പ് തുടരുന്നതിനിടെ ദയനീയ പ്രകടനം കാഴ്ച്ച വെച്ച് ബിജെപി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍ നോട്ടയോടാണ് ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയുടെ മത്സരം. നാലാം റൗണ്ട് അവസാനത്തോടെയുളള ഫലപ്രകാരം നോട്ടയ്ക്ക് 537 വോട്ടിന് പിന്നിലാണ് ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥി.

നോട്ട 737 വോട്ടുകള്‍ നേടിയപ്പോള്‍ 220 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ബിജെപിയെ ട്രോളി ട്വിറ്റേറിയന്‍സ് അണിനിരന്നു. ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് ചുമതല ഉളളവര്‍ ഇതിന് ഉത്തരവാദികളായിരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിട്ടുണ്ട്.

നിലവില്‍ ദിനകരനാണ് മുന്നേറ്റം നടത്തുന്നത്. ദിനകരന്റെ ലീഡ് ഉയര്‍ന്നതോടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം ആരംഭിച്ചു. നിലവില്‍ എണ്ണിയ വോട്ടുകളില്‍ ദിനകരന് 34,500 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ.മധുസൂദനന്‍ 17471 വോട്ടുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.

മൂന്നാമതുള്ള ഡി.എം.കെയുടെ മരുത് ഗണേഷിന് 9206 വോട്ട് ലഭിച്ചിട്ടുണ്ട്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

തമിഴ്നാട്ടിലെ എടപ്പാടി പളനിസാമി സർക്കാർ മൂന്ന് മാസത്തിനകം വീഴുമെന്ന് ടിടിവി ദിനകരൻ പറഞ്ഞു. സർക്കാരിനെതിരായ ജനവിധിയാണ് ആർകെ നഗറിലേതെന്നും അദ്ദേഹം പറഞ്ഞു.’ആർകെ നഗറിലെ ജനവിധി എനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാർത്ഥിയെയാണ് ജനങ്ങൾ സ്വീകരിച്ചത്. മണ്ഡലത്തെ പ്രതിനിധീകരിച്ചത് ‘അമ്മ’യാണ്. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസാണ് ജനവിധിയിൽനിന്നു വ്യക്തമാക്കുന്നത്. ജയലളിതയുടെ മണ്ഡലവും അവരുടെ പാരമ്പര്യവും താൻ മുന്നോട്ടുകൊണ്ടുപോകുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നത്’, ദിനകരന്‍ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ