പട്ന: ‘ബിജെപിയെ തുരത്തൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആര്‍ജെഡിയുടെ പട്ന മഹാറാലി. കേന്ദ്ര വിരുദ്ധ വികാരത്തിനൊപ്പം ആര്‍ജെഡി-ജെഡിയു സഖ്യമുപേക്ഷിച്ച് ബിജെപിക്കൊപ്പം പോയ നിതീഷ് കുമാറിനോടുള്ള പ്രതിഷേധ പരിപാടി കൂടിയായി റാലി മാറി. പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജെഡിയു വിലക്ക് ലംഘിച്ച് ശരത് യാദവും അലി അന്‍വറും കൂടി എത്തിയതോടെ ദേശീയ തലത്തില്‍ തന്നെ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനാണ് റാലി തുടക്കമിട്ടത്.

വേദിയിലെത്തിയ ശരത് യാദവിനെ വൻ ജനാവലിക്ക് മുമ്പില്‍ ലാലു പ്രസാദ് യാദവ് ഊഷ്മളമായി സ്വീകരിച്ചു. യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്ന് തെളിയിക്കുമെന്ന് റാലിക്ക് മുമ്പായി തന്നെ ശരത് യാദവ് വെല്ലുവിളിച്ചിരുന്നു. ഒന്നോ രണ്ടോ മാസം കാത്തിരിക്കാനാണ് ശരത് യാദവ് അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെയും നേതൃത്വത്തിലായിരുന്നു ബിജെപി വിരുദ്ധ മഹാ റാലി സംഘടിപ്പിച്ചത്. പട്ന ഗാന്ധി മൈതാനം കവിഞ്ഞും റാലിക്ക് പിന്തുണയുമായി പ്രവര്‍ത്തകരെത്തി.

Also Read: ബിജെപി വിരുദ്ധ മഹാറാലി; ലാലു പ്രസാദ് ട്വീറ്റ് ചെയ്തത് ഫോട്ടോഷോപ് ചെയ്ത ചിത്രം

ഒരു ‘മുഖ’ത്തിനും ബിഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് മഹാറാലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എണ്ണാമെങ്കില്‍ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിച്ചിട്ടുമുണ്ട്. പത്തല്ല, മുപ്പത് ലക്ഷം ആളുകള്‍ റാലിക്കെത്തിയിട്ടുണ്ട് എന്ന് മുന്‍ ഉപമുഖ്യന്ത്രി തേജസ്വി യാദവും ട്വീറ്റ് ചെയ്തു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ നേതാവ് സുധാകര്‍ റെഡി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. സീറ്റ് ധാരണയിലെത്തിയ ശേഷമേ സഖ്യത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമാക്കി ബിഎസ്പി നേതാവ് മായാവതി റാലി ബഹിഷ്കരിച്ചു. റാലിയുടെ ഭാഗമായി വന്‍ സുരക്ഷ സന്നാഹമായിരുന്നു പട്നയില്‍ ഒരുക്കിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ