കൊൽക്കത്ത: ഡിവൈഎഫ്ഐ മുൻ ദേശീയ സെക്രട്ടറിയും ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവുമായ ഋതബ്രത ബാനർജിയെ സിപിഎം ബംഗാൾ ഘടകം പുറത്താക്കി. സസ്പെൻഷനിലായിരുന്ന ഇദ്ദേഹം ഇന്നലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി.

ഇന്ന് ചേർന്ന സിപിഎം വെസ്റ്റ് ബംഗാൾ സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് നടപടി. പിബി അംഗമായ പിബി സലിമിനെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുത്തത് പാർട്ടിയിൽ മുസ്ലിം സംവരണം ഉള്ളത് കൊണ്ടാണെന്ന് ഇന്നലെ ഇദ്ദേഹം പറഞ്ഞിരുന്നു.

വെസ്റ്റ് ബംഗാളിൽ നിന്നുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാവാണ് ഋതബ്രത ബാനർജി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭ അംഗമാക്കാത്തതിന് പിന്നിൽ പിബി അംഗങ്ങളായ പ്രകാശ് കാരാട്ടും ഭാര്യ  വൃന്ദ കാരാട്ടുമാണെന്ന് ഇദ്ദേഹം ഇന്നലെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഈ വിവാദ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിനെതിരെ പാർട്ടി നടപടിയെടുത്തത്. വെസ്റ്റ് ബംഗാൾ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി.

നേരത്തേ ആഡംബര ജീവിതശൈലിയെ കുറിച്ച് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഋതബ്രത ബാനർജിയെ പാർട്ടി സസ്പെന്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരായ പരാതിയിൽ പിബി സലിമിന്റെ നേതൃത്വത്തിൽ പാർട്ടി അന്വേഷണം നടന്നുവരികയായിരുന്നു.

സസ്പെൻഷനിലിരിക്കെ പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയെന്നാണ് ഋതബ്രത ബാനർജിക്കെതിരായി സംസ്ഥാന സെക്രട്ടറി നടപടിയെടുക്കാൻ കാരണം. ബിജെപിയിലേക്ക് ചേരുന്നതിന്റെ മുന്നോടിയായാണ് ഋതബ്രത സിപിഎമ്മിനെതിരെ രംഗത്ത് വന്നതെന്നാണ് വിലയിരുത്തല്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ