Latest News

താലിബാൻ മുതൽ ഐ എസ് വരെ: അഫ്‌ഗാനിസ്ഥാനു വേണ്ടിയുളള സമാധാന യുദ്ധങ്ങൾ

അമേരിക്ക പരിശീലിപ്പിച്ചു വിട്ട ഒട്ടനവധി അഫ്‌ഗാൻ നാഷണൽ ആർമി പട്ടാളക്കാർ ഇതിനകം താലിബാന്റെ ഭാഗമായി കഴിഞ്ഞു. ഇത് ഇനിയും കൂടാനാണ് സാധ്യതയെന്ന് ജർമ്മൻ ടി വിയുടെ ദക്ഷിണേഷ്യൻ ചീഫ് പ്രൊഡ്യൂസറായ ലേഖകൻ എഴുതുന്നു

ISIS, Taliban, Afghanisthan, kabul Darul Uloom

കാബൂൾ : “തീർത്തും അനിശ്ച്ചതത്വത്തിൽ ആണ് ഞങ്ങളുടെ ജീവിതം , അടുത്ത ബോംബ് എവിടെ എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് ആർക്കും പറയാനാവാത്ത സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നത്” വടക്കു കിഴക്കൻ കാബൂളിലെ ഷാരാനാവിൽ കബാബ് കട നടത്തുന്ന അബ്ദുൽ മജീദ് തന്റെ വിഹ്വലത പങ്കുവെക്കുമ്പോൾ ആണ് നഗരത്തെ നടുക്കി കൊണ്ടു സ്ഫോടന ശബ്ദം കേൾക്കുന്നത്. കാബൂളിലെ സുപ്രീം കോടതിക്ക് സമീപം ചാവേർ പൊട്ടിത്തെറിച്ചതിന്റെ ശബ്ദമാണ് കേട്ടത് എന്ന് അറിയാൻ അധികം സമയം വേണ്ടിവന്നില്ല. കാബൂളിൽ അങ്ങിനെ യാണ്. ഒരു പൊട്ടിത്തെറി യുണ്ടായാൽ പുക ഉയരുന്ന ദിശ നോക്കിയാണ് സാധാരണക്കാർ എവിടെയാണ് സംഭവം നടന്നത് എന്ന് പെട്ടന്ന് തിരിച്ചറിയുന്നത്. കൂടെ ആംബുലൻസുകൾ തിരക്കിയോടുന്ന ശബ്ദവും.

സുപ്രീം കോടതിക്ക് മുൻപിലെ സ്‌ഫോടനത്തിൽ 20 ഓളം പേർകൊല്ലപ്പെട്ടുവെന്നും അൻപതിലധികം പേർക്ക് പരിക്കുപറ്റിയെന്നും അറിയാൻ അധിക നേരം വേണ്ടിവന്നില്ല. “ഇത്രയും കാലം കാബൂൾ ഒരുവിധം സുരക്ഷിതമായിരുന്നു ..ഇപ്പോൾ കാബുളിലും താലിബാൻ പൂർവാധികം ശക്തമാണ് ” കബാബ് വിൽപനയുടെ തിരക്കിൽ മജീദ് പറഞ്ഞു നിർത്തി.

അഫ്‌ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നും താലിബാനെ ഭയന്ന് വീടുവിട്ട അനേകം അഭയാര്ഥികളിൽ ഒരാളാണ് അബ്‌ദുൾ മജീദ്. 13 ലക്ഷം പേർ രാജ്യത്തിനകത്ത് തന്നെ അഭയാർഥികളായി ജീവിക്കുന്നുണ്ട് അഫ്‌ഗാനിസ്ഥാനിൽ. മൂന്ന് വർഷം മുമ്പ് ഇതു അഞ്ച് ലക്ഷമായിരുന്നു.

കഴിഞ്ഞ കുറച്ചുവർഷമായി ഫെബ്രുവരി ആദ്യ ആഴ്ച രാജ്യാന്തരതലത്തിലുളള മാധ്യമങ്ങൾ മുറതെറ്റാതെ കാബൂളിലെത്തും. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. കാരണം അധികാരവും പകയും കൊണ്ട് രക്തസ്നാനം ചെയ്യപ്പെട്ട നിരപരാധികളുടെ കണക്കെടുക്കാനാണിത്. എല്ലാവർഷവും ആ ആഴ്ചയിലാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും സ്ഥിതിവിവരകണക്കുകൾ പുറത്തുവിടുന്ന വാർത്താസമ്മേളനം ഇവിടെ നടക്കുന്നത്.

ഓരോ വർഷവും കൂടുതൽ നിരാശ പടർത്തുന്ന വാർത്തകൾ ആണ് കാബൂളിൽ നിന്നും വരുന്നത്. അഫ്‌ഗാനിസ്ഥാനിൽ ഓരോവർഷവും സംഘർഷത്തിൽ ഇരകളായവരുടെ കണെക്കെടുക്കുന്നതിവിടെയാണ് . ഐക്യരാഷ്ട്ര സഭയുടെ അഫ്‌ഗാനിസ്ഥാൻ സഹായ ദൗത്യ മിഷൻ (UNAMA) ആണ് ഈ കണക്കുകൾ തയാറാക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളിൽ , അഫ്‌ഗാനിസ്ഥാനിൽ ഏറ്റവും കൂടുതൽ സിവിലയന്മാർ കൊല്ലപ്പെട്ട വർഷമാണ് 2016. 3498 പേരാണ് പോയ വർഷം കൊല്ലപ്പെട്ടത് , അതായത് ഒരുദിവസം പത്ത് പേർ , ഇതിൽ മൂന്ന് പേർ കുട്ടികൾ ആണ്. മാരകമായ പരിക്കുപറ്റിയവർ 8000 ലധികം വരും.
അഫ്ഘാനിസ്ഥാൻ സമാധാനം പുനഃസ്‌ഥാപിക്കാനായാണ് 2001ൽ അമേരിക്ക നാൽപ്പതിലധികം സഖ്യ രാജ്യങ്ങൾക്കൊപ്പം ചേർന്ന് അവിടെ യുദ്ധം തുടങ്ങുന്നത്.അഫ്‌ഗാനിസ്ഥാനിൽ അമേരിക്കൻ അധിനിവേശത്തിനു ശേഷം ഏറ്റവും കൂടുതൽ സിവിലിയൻമാർക്ക് ആളപായമുണ്ടായ വർഷമാണ്  2016. യുഎൻഎഎംഎ യുടെ അഫ്‌ഗാനിസ്ഥാൻ പ്രതിനിധി തടാമിച്ചി യമോട്ടോ പറയുന്നു “അഫ്‌ഗാനിസ്ഥാന്റെ ഏറ്റവും ദുരന്ത വർഷമാണ് കടന്നുപോയത്.” ഈ വർഷവും ഒട്ടും പ്രതീക്ഷയോടെയല്ല തുടങ്ങിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 10 നാണു അഫ്‌ഗാനിസ്ഥാൻ പാർലമെന്റിനു സമീപം ചാവേർ പൊട്ടിത്തെറിച്ചത്. നാൽപ്പതിലധികംപേർ ഇതിൽ കൊല്ലപ്പെട്ടു. എഴുപതിലധികം പേർക്ക് ഗുരുതരമായ പരിക്ക് പറ്റി . ഇതിനുമുന്പ് ഡിസംബറിലാണ് കാബൂളിൽ തന്നെ പാർലമെൻറ് അംഗത്തിന് നേരെ താലിബാൻ ചാവേർ ആക്രമണം നടത്തിയത്. 2009 -ൽ അകെ സിവിലയൻ ആളപായം 5969 ആയിരുന്നു. ഇതാണ് 2016 ൽ 11500 ലേക്ക് കടന്നത്.

kabul, ISIS, Taliban,
അഫ്ഘാനിസ്ഥാൻന്റെ 60 ശതമാനത്തിലധികം ഇന്നു താലിബാൻ നിയന്ത്രണത്തിലാണ്. അമേരിക്ക പരിശീലിപ്പിച്ചു വിട്ട ഒട്ടനവധി അഫ്‌ഗാൻ നാഷണൽ ആർമി പട്ടാളക്കാർ ഇതിനകം താലിബാന്റെ ഭാഗമായി കഴിഞ്ഞു. ഇത് വരും മാസങ്ങളിൽ കൂടാനാണ് സാധ്യത. പല പോക്കറ്റുകളിലും താലിബാനെ പ്രതിരോധിക്കാനുള്ള ആയുധബലവും ആൾബലവും അഫ്‌ഗാൻ നാഷണൽ ആർമിക്കില്ല എന്നതാണ് നേര്.
അഫ്‌ഗാനിസ്ഥാനിൽ വർധിച്ചുവരുന്ന ഐ എസ് ഐ എസ് സാന്നിധ്യമാണ് സിവിലയൻ ആളപായം പൊടുന്നനെ കൂടാൻ കാരണം. കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ പാകിസ്താനോട് ചേർന്ന നാൻഗർഹാർ പ്രവശ്യയിലാണ് ഐ എസ് ഐ എസ് പരിശീലന ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നത്. ഈ മേഖലയിൽ ഐ എസ് ഐ എസ്സും പ്രാദേശിക താലിബാനുമായുള്ള സംഘർഷങ്ങളും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽനിന്നു കഴിഞ്ഞവർഷം കാണാതായ ജിഹാദി അനുഭാവികൾ നാൻഗർഹാറി ൽ എത്തിയിട്ടുള്ളതായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ )നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവധ രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ നാൻഗർഹാറിൽ ജിഹാദി പരിശീലനം നേടുന്നതായാണ് പുറത്തുവന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ പറയുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rising suicide attacks by taliban and isis in kabul spur fear among afghans

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com