ശ്രീനഗർ: ജമ്മു കശ്‌മീരിലെ പ്രാദേശിക പത്രമായ റൈസിങ് കശ്‌മീരിന്റെ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഷുജാത് ബുഖാരി വെടിയേറ്റ് കൊല്ലപ്പെട്ടു. തോക്കുധാരിയായ ഒരാളാണ് വെടിയുതിർത്തത്.  വെടിവയ്‌പിൽ പരുക്കേറ്റ അദ്ദേഹത്തെ ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം

അദ്ദേഹത്തിന്റെ കാറിന് നേരെയാണ്  അജ്ഞാതൻ വെടി ഉതിർത്തത്. കാർ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റു. മൂന്നുപേരെയും ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബുഖാരിയുടെ ജീവൻ രക്ഷിക്കാനായില്ല.

ജമ്മു കശ്‌മീരിലെ ശ്രീനഗറിലെ പ്രസ് കോളനിയിലാണ് ആക്രമണം നടന്നത്. ബുഖാരി പ്രസ് എൻക്ലേവിലെ ഓഫീസിൽ നിന്നും ഇഫ്താർ പാർട്ടിക്കായി പോകാനിറങ്ങുമ്പോഴാണ് അദ്ദേഹത്തിന് നേരെ വെടിവയ്‌പുണ്ടായത്. 2000ത്തിൽ​​ അദ്ദേഹത്തിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു.

റമദാൻ കാലത്ത് വെടിനിർത്തൽ ദീർഘിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബുഖാരിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ബുഖാരിയുടെ കൊലപാതകത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഷുജാഅത്ത്  ബുഖാരിയുടെ വേർപാട് ഞെട്ടലുളവാക്കുന്നതും അതീവ ഖേദകരവുമാണെന്ന് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. ഇദുൽ ഫിത്തറിന് തലേ ദിവസമാണ് ഭീകരവാദം അതിന്റെ അപകടരമായ വൃത്തികെട്ട തല പൊക്കിയിരിക്കുന്നത്. ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി ട്വിറ്ററിൽ എഴുതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ