scorecardresearch
Latest News

ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

ഇന്ത്യന്‍ വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്, ആ സ്ഥാനത്തെത്തുന്ന ആദ്യ ക്രിസ്ത്യന്‍ ഇതര വ്യക്തി കൂടിയാണ്

ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഇന്ന് ചുമതലയേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണു ഋഷി സുനക് ചുമതലയേറ്റത്. ഋഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജാവ് ക്ഷണിക്കുകയായിരുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്, ലിസ് ട്രസിന്റെ പിന്‍ഗാമിയായാണു പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിനായി സെപ്റ്റംബര്‍ അഞ്ചിനു നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേത്വ തിരഞ്ഞെടുപ്പില്‍ ഋഷി ലിസ് ട്രസിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ അധികാരത്തിലെത്തി 44-ാം ദിവസം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചതോടെയാണ്, സെപ്റ്റംബറിൽ കൈയെത്തും ദൂരത്ത് നഷ്ടമായ അധികാരം ഋഷിയെ തേടിയെത്തിയത്.

ഇത്തവണ എതിരാളികളില്ലാതെയാണ് നാല്‍പ്പത്തി രണ്ടുകാരനായ ഋഷി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡണ്ടും പിന്മാറിയതോടെയാണു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വ മത്സരത്തില്‍ അദ്ദേഹം വിജയമുറപ്പിച്ചത്.

നൂറിലേറെ എം പിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാര്‍ഥിയായതോടെയാണു ഋഷി സുനക്കിനു പ്രധാനമന്ത്രി പദം ഉറപ്പായത്. 147 എംപിമാരുടെ പരസ്യപിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചത്. മുന്‍ പ്രധാനന്ത്രി ബോറിസ് ജോണ്‍സണു 57 എംപിമാരുടെയും പെനി മോര്‍ഡണ്ടിനു 30 പേരുടെയും പിന്തുണ മാത്രമാണ് ഉറപ്പാക്കാനായത്.

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനക്, അദ്ദേഹത്തിന്റെ വിശ്വസ്തനുമായാണ് അറിയപ്പെട്ടിരുന്നത്. ഒടുവില്‍ ബോറിസിന്റെ രാജിക്കും തുടര്‍ന്ന് ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലെത്താന്‍ ഇടയാക്കിയ തിരഞ്ഞെടുപ്പിനും കാരണമായത്
ഋഷി തന്നെ. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍നിന്ന് ഋഷി സുനക് രാജിവച്ചിരുന്നു.

ഋഷി സുനക് പ്രധാനമന്ത്രിയെന്ന നിലയില്‍ ഉടൻ ബ്രിട്ടനെ ആദ്യമായി അഭിസംബോധന ചെയ്യും. ഇന്ത്യന്‍ വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണു ഋഷി സുനക്. നിക്ഷേപകനും ബാങ്കറുമെന്ന നിലയില്‍നിന്നു മുപ്പത്തി മൂന്നാം വയസില്‍ രാഷ്ട്രീയക്കാരനായി മാറിയ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ക്രിസ്ത്യന്‍ ഇതര വ്യക്തി കൂടിയാണ്. പഞ്ചാബില്‍ ജനിച്ചശേഷം കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്നു ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂര്‍വികര്‍.

നാഷണല്‍ ഹെല്‍ത്ത് സര്‍വിസില്‍ ഡോക്ടറായ യശ്വീറിന്റെയും ഫാര്‍മസിസ്റ്റായ ഉഷയുടെയും മകനായി യു കെയിലെ സൗത്ത്ഹാംപ്ടണില്‍ 1980 മേയ് 12നായിരുന്നു ഋഷി സുനക്കിന്റെ ജനനം. രണ്ടു സഹോദരങ്ങളുണ്ട്.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണു ഋഷിയുടെ ഭാര്യ. യു എസിലെ സ്റ്റാന്‍ഫോഡ് ബി സിനസ് സ്‌കൂളിലെ എം ബി എ പഠനനകാലത്തിനിടെ പരിചയപ്പെട്ട ഇവര്‍ 2009 ഓഗസ്റ്റിലാണു വിവാഹിതരായത്. കൃഷ്ണ (11), അനൗഷ്‌ക (ഒന്‍പത്) എന്നിവരാണു ദമ്പതികളുടെ മക്കള്‍.

തന്റെ എല്ലാ മുന്‍ഗാമികളേക്കാളും സമ്പന്നനാണ് ഋഷി സുനക്. അദ്ദേഹത്തിനു ബ്രിട്ടീഷ് രാജകുടുംബത്തേക്കാള്‍ കൂടുതല്‍ സമ്പത്തുണ്ടെന്നാണു റിപ്പോര്‍ട്ട്.

ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-യുകെ ബന്ധം ഒരു ആധുനിക പങ്കാളിത്തമാക്കി മാറ്റാന്‍ അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ഋഷിയ്ക്കു വിജയാശംസകള്‍ നേര്‍ന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rishi sunak uk prime minister britain upates