ലണ്ടന്‍:ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തും. ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന് പകരമാണ് സുനക്ക് ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെനി മോര്‍ഡന്റും പിന്മാറിയിരുന്നു.
147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഋഷി സുനക് തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഏഴ് മാസത്തിനുള്ളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി സുനക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച വേളയില്‍ സുനക് വ്യക്തമാക്കിയിരുന്നു. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയുടെ ഭര്‍ത്താവാണ് സുനക്.
തനിക്ക് ഇനി തങ്ങളുടെ പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് എതിരാളിയായ ബോറിസ് ജോണ്സണ് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പാക്കിയത്. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്സന് ഉറപ്പാക്കാനായത്. പെനി മോര്‍ഡന്റിന് 30 എംപിമാരുടെ പിന്തുണയാണ് ലഭിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.