ന്യൂഡൽഹി: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സിബിഐക്കു പുതിയ മേധാവി. മധ്യപ്രദേശ് മുൻ ഡിജിപി ഋഷികുമാർ ശുക്ലയാണ് പുതിയ സിബിഐ ഡയറക്ടർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഋഷികുമാർ ശുക്ലയെ തെരഞ്ഞെടുത്തത്.
ജനുവരി 10ന് അലോക് വര്‍മയെ തിരക്കിട്ട് മാറ്റിയതിന് ശേഷം സിബിഐ മേധാവി പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു, 30 ഓളം വരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നാണ് പ്രധാനമന്ത്രി നയിച്ച സെലക്ഷന് കമ്മിറ്റി ശുക്ലയെ തിരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പിനെ മറികടന്നാണ് ഋഷികുമാറിനെ നിയമിച്ചത്. ജാവേദ് അഹമ്മദ്, എസ്എസ് ദേശ്വാള്, രജനീകാന്ത് മിശ്ര എന്നിവര്‍ അടക്കമുളളവരെ സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ജാവേദ് അഹമ്മദിനെ നിയമിക്കണം എന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി.
അർധരാത്രിയിൽ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയ കേന്ദ്ര സർക്കാർ നടപടി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതിക്കു മാത്രമേ ഡയറക്ടറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നു കോടതി വ്യക്തമാക്കി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറായി വീണ്ടും അലോക് വർമ ചുമതലയേറ്റെടുത്തു. ഇതിനുപിന്നാലെ അലോക് വർമയെ കേന്ദ്ര സർക്കാർ വീണ്ടും സ്ഥാനത്തുനിന്നു നീക്കി. ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയതിൽ പ്രതിഷേധിച്ച് അലോക് വർമ സർവീസിൽനിന്നു രാജിവയ്ക്കുകയായിരുന്നു.