മുംബൈ: ബോളിവുഡ് നടൻ ഋഷി കപൂറിന്റെ നിര്യാണം ഏറെ വേദനയോടെയാണ് അദ്ദേഹത്തിന്റെ കുടുംബം ഉൾക്കൊണ്ടത്. എന്നാൽ, കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കൂ. പ്രത്യേക സാഹചര്യം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് ഋഷി കപൂറിന്റെ കുടുംബം ആവശ്യപ്പെട്ടു. എല്ലാവരും കൃത്യമായി സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്.

“വ്യക്തിപരമായി തീരാനഷ്‌ടമുണ്ടാക്കിയ ഈ സമയത്തും ലോകം മുഴുവൻ കടന്നുപോകുന്നത് വളരെ പ്രായസപ്പെട്ട സാഹചര്യങ്ങളിലൂടെയാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. കൂട്ടം കൂടുന്നതിനും പൊതുപരിപാടികൾ നടത്തുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങൾ ഇപ്പോഴുണ്ട്. അദ്ദേഹത്തിന്റെ (ഋഷി കപൂറിന്റെ) എല്ലാ ആരാധകരോടും ഉപകാരികളോടും സുഹൃത്തുക്കളോടും സാമൂഹിക അകലം പാലിക്കാൻ ഞങ്ങൾ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയാണ്. എല്ലാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം,” ഋഷി കപൂറിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

Read Also: ഇതിഹാസതാരത്തിന്റെ കയ്യൊപ്പു പതിഞ്ഞ പ്രിയസമ്മാനം; ഋഷി കപൂറിന്റെ ഓർമകളിൽ ജീത്തു ജോസഫ്

ഇന്നു രാവിലെയാണ് ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചത്. 67 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരൻ രൺധീർ കപൂറാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ന്യൂയോർക്കിൽ ഒരു വർഷത്തോളം നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം ഋഷി കപൂർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. 2018 ൽ കാൻസർ രോഗബാധിതനായ താരം 11 മാസത്തിലധികം നീണ്ടുനിന്ന ചികിത്സയിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തത്. ഭാര്യ നീതു കപൂറും അദ്ദേഹത്തോടൊപ്പം ന്യൂയോർക്കിൽ ഉണ്ടായിരുന്നു. മകൻ രൺബീർ കപൂറും കാമുകി ആലിയ ഭട്ടും പതിവായി ന്യൂയോർക്കിൽ ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു.

Read Also: ഓർമ്മ ചിത്രങ്ങളിലൂടെ ഋഷി കപൂർ

ബോംബെയിലെ ചെമ്പൂരിൽ പഞ്ചാബി കുടുംബത്തിലാണ് ഋഷി കപൂർ ജനിച്ചത്. ഋഷി രാജ് കപൂർ എന്നാണ് യഥാർഥ പേര്. നടനും ചലച്ചിത്ര സംവിധായകനുമായ രാജ് കപൂറിന്റെയും ഭാര്യ കൃഷ്ണ രാജ് കപൂറിന്റെയും (നീ മൽഹോത്ര) രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. നടൻ പൃഥ്വിരാജ് കപൂറിന്റെ ചെറുമകനുമായിരുന്നു. മുംബൈയിലെ ക്യാമ്പിയൻ സ്കൂളിലും അജ്മീറിലെ മയോ കോളേജിലും വിദ്യാഭ്യാസം. സഹോദരന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ, അമ്മാവന്മാരായ പ്രേം നാഥ്, രാജേന്ദ്ര നാഥ്, പിതാമഹന്മാരായ ശശി കപൂർ, ഷമ്മി കപൂർ എന്നിവരെല്ലാം അഭിനേതാക്കളാണ്. ഇൻഷുറൻസ് ഏജന്റ് റിതു നന്ദ, റിമ ജെയിൻ എന്നീ രണ്ട് സഹോദരിമാരുണ്ട്.

Read Also: പ്രണയനായകന് പ്രണാമമര്‍പ്പിച്ച് പൃഥ്വിയും സുപ്രിയയും

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ബോളിവുഡിൽ തന്റെയിടം കണ്ടെത്തിയ വ്യക്തിയാണ് ഋഷി കപൂർ. രാജ് കപൂറിന്റെ മകനായ ഋഷി കപൂർ അച്ഛന്റെ സിനിമയായ ‘മേരാ നാം ജോക്കറി’ലൂടെ ബാലതാരമായാണ് സിനിമയിലെത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ ദേശീയ അവാർഡും ഋഷി കപൂറിനെ തേടിയെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook