മുംബൈ: ബോളിവുഡ് നടൻ ഋഷി കപൂർ (67) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരൻ രൺധീർ കപൂറാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
ന്യൂയോർക്കിൽ ഒരു വർഷത്തോളം നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം ഋഷി കപൂർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. 2018 ൽ കാൻസർ രോഗബാധിതനായ താരം 11 മാസത്തിലധികം നീണ്ടുനിന്ന ചികിത്സയിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തത്. ഭാര്യ നീതു കപൂറും അദ്ദേഹത്തോടൊപ്പം ന്യൂയോർക്കിൽ ഉണ്ടായിരുന്നു. മകൻ രൺബീർ കപൂറും കാമുകി ആലിയ ഭട്ടും പതിവായി ന്യൂയോർക്കിൽ ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു.
ബോംബെയിലെ ചെമ്പൂരിൽ പഞ്ചാബി കുടുംബത്തിലാണ് ഋഷി കപൂർ ജനിച്ചത്. ഋഷി രാജ് കപൂർ എന്നാണ് യഥാർഥ പേര്. നടനും ചലച്ചിത്ര സംവിധായകനുമായ രാജ് കപൂറിന്റെയും ഭാര്യ കൃഷ്ണ രാജ് കപൂറിന്റെയും (നീ മൽഹോത്ര) രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. നടൻ പൃഥ്വിരാജ് കപൂറിന്റെ ചെറുമകനുമായിരുന്നു. മുംബൈയിലെ ക്യാമ്പിയൻ സ്കൂളിലും അജ്മീറിലെ മയോ കോളേജിലും വിദ്യാഭ്യാസം. സഹോദരന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ, അമ്മാവന്മാരായ പ്രേം നാഥ്, രാജേന്ദ്ര നാഥ്, പിതാമഹന്മാരായ ശശി കപൂർ, ഷമ്മി കപൂർ എന്നിവരെല്ലാം അഭിനേതാക്കളാണ്. ഇൻഷുറൻസ് ഏജന്റ് റിതു നന്ദ, റിമ ജെയിൻ എന്നീ രണ്ട് സഹോദരിമാരുണ്ട്.
Read Also: ഞാന്‍ തകര്‍ന്നു: ഋഷി കപൂറിന്റെ വിയോഗത്തില്‍ വിലപിച്ച് അമിതാഭ് ബച്ചന്‍
നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ബോളിവുഡിൽ തന്റെയിടം കണ്ടെത്തിയ വ്യക്തിയാണ് ഋഷി കപൂർ. രാജ് കപൂറിന്റെ മകനായ ഋഷി കപൂർ അച്ഛന്റെ സിനിമയായ ‘മേരാ നാം ജോക്കറി’ലൂടെ ബാലതാരമായാണ് സിനിമയിലെത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ ദേശീയ അവാർഡും ഋഷി കപൂറിനെ തേടിയെത്തിയിരുന്നു.
പിന്നീട് ‘ബോബി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള ഋഷി കപൂറിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ഡിംപിൾ കപാഡിയയായിരുന്നു നായിക. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും അദ്ദേഹം സ്വന്തമാക്കി. 1973-2000 വരെയുള്ള കാലഘട്ടത്തിൽ 90 ലേറെ സിനിമകളിലാണ് പ്രണയനായകനായി അദ്ദേഹം അഭിനയിച്ചത്. ഇമ്രാൻ ഹാഷ്മിക്കൊപ്പം ‘ദി ബോഡി’യിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
പതിനഞ്ചോളം സിനിമകളിൽ തന്റെ നായികയായി എത്തിയ നീതു സിങ്ങിനെയാണ് ഋഷി കപൂർ തന്റെ ജീവിതസഖിയാക്കിയത്. യുവതാരങ്ങളിൽ ശ്രദ്ധേയനായ രൺബീർ കപൂറും ഋതിമ കപൂറുമാണ് മക്കൾ.
തന്റെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അദ്ദേഹം അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിച്ചിരുന്നു. “എനിക്ക് വളരെ പുതുമ തോന്നുന്നു, ഒപ്പം ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ബാറ്ററികൾ എല്ലാം ചാർജ് ചെയ്യപ്പെടുന്നു, ഒപ്പം ക്യാമറയെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിനയം മറന്നിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനി ഞാൻ അഭിനയിക്കുകയാണെങ്കിൽ പ്രേക്ഷകർ എന്നെ സ്വാഗതം ചെയ്യുമോ അതോ ചവറ്റുകൊട്ടയിലിടുമോ എന്നെനിക്കറിയില്ല. ചികിത്സയിലായിരുന്ന സമയത്ത് എന്റെ ശരീരത്തിലേക്ക് രക്തം കയറ്റിയിരുന്നു. പുതിയ രക്തത്തിലൂടെ ഞാൻ പ്രതീക്ഷ വീണ്ടെടുക്കുന്നുവെന്ന് നീതുവിനോട് പറഞ്ഞിരുന്നു. ഞാൻ അഭിനയം മറന്നിട്ടില്ല.”
ഋഷി ന്യൂയോർക്കിൽ ചികിത്സയിലായിരുന്ന സമയത്ത് പ്രിയങ്ക ചോപ്ര, അനുപം ഖേർ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, കരൺ ജോഹർ, മലൈക അറോറ തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.