ചെന്നൈ: ‘ഗജ’ ചുഴലിക്കാറ്റില്‍ ജീവനും ജീവിതവും തകര്‍ന്ന തമിഴ് ജനതയെ സഹായിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് നടനും മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണമെന്നും കമല്‍ഹാസന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.

ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തെ സാരമായ രീതിയില്‍ ബാധിക്കുകയും ആളുകളുടെ ജീവനും സ്വത്തും കവരുകയും ചെയ്തിരുന്നു. കേരള സര്‍ക്കാരും കേരളത്തിലെ ജനങ്ങളും തമിഴ്‌നാടിനെ സഹായിക്കണമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കണമെന്നും കമല്‍ഹാസന്‍ പറയുന്നു.

കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ഉപജീവന മാർഗ്ഗമായ കൃഷിയിടങ്ങളും മത്സ്യബന്ധന ബോട്ടുകളുമെല്ലാം നശിച്ചു പോയി. രാഷ്ട്രീയത്തിനും മറ്റ് വ്യത്യാസങ്ങള്‍ക്കും അപ്പുറം മനുഷ്യത്വത്തിന് വിലയുണ്ടെന്നും അത് കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും കമല്‍ഹാസന്‍ പറയുന്നു. കമല്‍ഹാസനും പിണറായി വിജയനും അടുത്ത സൗഹൃദം പുലര്‍ത്തുവന്നവരാണ്.

നവംബര്‍ 16ന് നാഗപട്ടണത്തിനും വേദാരണ്യത്തിനുമിടയില്‍ ആഞ്ഞടിച്ച ഗജ ജനങ്ങളുടെ ജീവിത മാർഗ്ഗം വേരോടെ പിഴുതെറിഞ്ഞാണ് ശമിച്ചത്. 63 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Read More: മഴക്കെടുതി : കേരളത്തിന് ഉലകനായകന്‍ കമല്‍ഹാസന്റെ സഹായം

നേരത്തെ കേരളം പ്രളയ ദുരിതത്തെ നേരിട്ട സമയത്ത് കേരള സര്‍ക്കാരിന്റെ ദുരിതാശ്വസ നിധിയിലേക്ക് കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നിന്നും സൂര്യ, കാര്‍ത്തി, വിക്രം, വിജയകാന്ത്, രോഹിണി, വിജയ് സേതുപതി, ധനുഷ് തുടങ്ങി നിരവധി താരങ്ങള്‍ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook