ന്യൂഡൽഹി: 1985ലെ എയർ ഇന്ത്യ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനായ റിപുധമൻ സിങ് മാലിക് കാനഡയിൽ വെടിയേറ്റ് മരിച്ചതായി കനേഡിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. മൂന്ന് വെടിയൊച്ചകൾ കേട്ടെന്നും സിങ്ങിന്റെ കഴുത്തിലാണ് വെടിയേറ്റതെന്നും സാക്ഷികളെ ഉദ്ധരിച്ചു സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1985 ജൂൺ 23-ന് മോൺട്രിയലിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ 182 കനിഷ്‌ക എന്ന ബോയിങ് 747 വിമാനത്തിൽ സ്‌ഫോടനം നടത്തിയ മൂന്ന് പ്രധാന പ്രതികളിൽ ഒരാളായിരുന്നു റിപുധമൻ സിങ് മാലിക് മാലിക്. 392 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിൽ ഇന്ദർജീത് സിങ് റിയാത്ത്, അജൈബ് സിങ് ബാഗ്രി എന്നിവരായിരുന്നു മറ്റു പ്രതികൾ.
മാലിക്കിനും ബാഗ്രിക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നെങ്കിലും ഗൂഢാലോചനയുടെ വിശദാംശങ്ങളോ ഉൾപ്പെട്ടവരുടെ പേരുകളോ തനിക്ക് ഓർമയില്ലെന്ന് പ്രോസിക്യൂഷൻ സാക്ഷിയാക്കിയ റിയാത്ത് പറഞ്ഞതോടെ ഇവർ കുറ്റവിമുക്തരാകുകയായിരുന്നു.
ഈ വർഷം ആദ്യം, ഫെബ്രുവരിയിലെ പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ്, സിഖുകാരുടെ ക്ഷേമത്തിനായി കേന്ദ്രം സ്വീകരിച്ച നടപടികൾക്ക് നന്ദി പറഞ്ഞുകൊണ്ട് മാലിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. 1984 ലെ കലാപക്കേസുകൾ വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള ബിജെപിയുടെ വിവിധ നടപടികൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നു എന്ന മുന്നറിയിപ്പും നൽകിയിരുന്നു.