ന്യൂഡൽഹി: ഡൽഹിയിലെ ഖുതബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭം എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം. ഐക്യ ഹിന്ദു മുന്നണിയുടെയും രാഷ്ട്രവാദി ശിവസേനയുടെയും പ്രവർത്തകർ ഖുതബ് മിനാറിന് സമീപം ഒത്തുകൂടുകയും പിന്നീട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുത്തബ് മിനാർ യഥാർത്ഥത്തിൽ ഒരു വിഷ്ണു ക്ഷേത്രമായിരുന്നുവെന്നും അതിന് ‘വിഷ്ണു സ്തംഭം’ എന്ന് പേരിടണമെന്നും വലതുപക്ഷ സംഘടനകൾ അവകാശപ്പെട്ടു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ഖുതബ് മിനാറിലേക്കുള്ള പ്രവേശനം നിരോധിക്കുന്നതിനായി കോംപ്ലക്സിന് പുറത്ത് കനത്ത പോലീസ് ബാരിക്കേഡ് ഒരുക്കിയിരുന്നു. ഉച്ചക്ക് ഒരുമണിക്ക് പ്രതിഷേധം ആരംഭിക്കാനായിരുന്നു സംഘടനകൾ തീരുമാനിച്ചിരുന്നത്. പ്രതിഷേധക്കാരോട് പ്രകടനം നടത്താൻ ഏതാനും മീറ്റർ അകലെയുള്ള ഭൂൽ ഭുലയ്യയിലേക്ക് മാറാൻ പൊലീസ് ആവശ്യപ്പെട്ടു. കൈകളിൽ കാവി പതാകയുമായി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച അവരെ ഉച്ചയ്ക്ക് 1:10 ഓടെ അവരെ ഡൽഹി പോലീസ് ബസുകളിൽ കയറ്റുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
രാഷ്ട്രവാദി ശിവസേനയുടെ ദേശീയ അധ്യക്ഷൻ കൂടിയായ ബിജെപി നേതാവ് ജയ് ഭഗവാൻ ഗോയൽ, താൻ ഷാഹ്ദാരയിലെ വീട്ടിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 2 മണി വരെ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ചു. അവർ ഇപ്പോഴും തന്റെ വീട്ടിൽ നിലയുറപ്പിച്ചതായി അദ്ദേഹം ആരോപിച്ചു.
“രാവിലെ 7 മണി മുതൽ, എസ്എച്ച്ഒയും വിജയ് നഗർ എസിപിയും 10-15 ആളുകളുമായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു. എന്നെ അവിടെ എത്താൻ അനുവദിക്കരുതെന്ന് സിപിയുടെ (പോലീസ് കമ്മീഷണർ) ഉത്തരവുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. മിനാറിനെ വിഷ്ണു സ്തംഭമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ ഞങ്ങൾ ആഹ്വാനം ചെയ്തിരുന്നു, ”ഗോയൽ പറഞ്ഞു.
ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ, കുത്തബ് മിനാർ യഥാർത്ഥത്തിൽ ഒരു പഴയ വിഷ്ണു ക്ഷേത്രമാണെന്ന് ഗോയൽ പറഞ്ഞു. “27 ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച വസ്തുക്കളിൽ നിന്നാണ് ഇത് നിർമ്മിച്ചതെന്ന് സമുച്ചയത്തിന്റെ ഭിത്തികളിൽ വ്യക്തമാക്കിയിട്ടുണ്ട്,” എന്ന് ഗോയൽ അവകാശപ്പെട്ടു. “സമുച്ചയത്തിൽ ഹിന്ദു ദൈവങ്ങളുടെ പ്രതിമകളുണ്ട്. ഉള്ളിലെ ഗണേശ വിഗ്രഹങ്ങൾ കാണുമ്പോൾ സ്വയം നിർണയിക്കുന്ന ഏതൊരു ഹിന്ദുവിനും ദേഷ്യം തോന്നാം,” എന്നും “ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്താൻ ഗണേശ വിഗ്രഹങ്ങൾ തലകീഴായി ഒരു കൂട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ഹിന്ദു മുന്നണിയുടെയും രാഷ്ട്രവാദി ശിവസേനയുടെയും 50 പേർ പങ്കെടുത്ത പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ഡിസിപി (സൗത്ത്) ബെനിറ്റ മേരി ജെയ്ക്കർ പറഞ്ഞു. ഡൽഹി പോലീസ് ആക്ട് സെക്ഷൻ 65 പ്രകാരം 44 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.