സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ചരിത്രപരമായ വിധിയാണ് ഇന്ന് വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെടുത്തി നടത്തിയത്. മുഴുവൻ ജസ്റ്റിസുമാരും ഒരേ മനസോടെ സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചത്. ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം ജീവിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് സ്വകാര്യതയ്ക്കുള്ള അവകാശവുമെന്ന് കോടതി നിരീക്ഷിച്ചു.

സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഈ വിഷയം ആദ്യം ഉയർന്നുവന്നത്. ഇത് പിന്നീട് അഞ്ചംഗ ബെഞ്ചിലേക്കും അവിടെ നിന്ന് ഭരണഘടനാ ബെഞ്ചിലേക്കും എത്തുകയായിരുന്നു. ഒടുവിൽ കേന്ദ്രസർക്കാരിൻ്റെ വാദങ്ങളെ തള്ളിയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഫാസിസ്റ്റ് ശക്തികള്‍ക്ക് കിട്ടിയ അടിയാണ് സുപ്രിംകോടതി വിധി എന്നാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പൗരന്മാരെ നിരീക്ഷിച്ച് അടിച്ചമര്‍ത്താനുളള ബിജെപി പ്രത്യയശാസ്ത്രത്തിനെതിരാണ് വിധിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയെ നിര്‍മ്മിക്കുന്ന നിമിഷങ്ങളാണ് സുപ്രിംകോടതി വിധിയെന്നാണ് തമിഴ് നടനും സംവിധായകനുമായ കമല്‍ഹാസന്‍ പ്രതികരിച്ചത്. ഇന്ത്യയ്ക്ക് വിജയകരമാകുന്ന തീരുമാനമാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് മധ്യപ്രദേശില്‍ നിന്നുളള പാര്‍ലമെന്റ് അംഗം ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. വളരെ പ്രധാനപ്പെട്ട ഈ വിധിക്ക് സുപ്രിംകോടതിയോട് നന്ദി അറിയിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.

നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചവരുടെ വീഴ്ച്ച ആഘോഷിക്കണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആഹ്വാനം ചെയ്തു. 1947ല്‍ കിട്ടിയ സ്വാനതന്ത്ര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പ്രതികരിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പുറംചട്ടയാണ് സ്വകാര്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. ആധാര്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നും ആധാറിനെ മറയാക്കി ദുരുപയോഗത്തിന് ശ്രമിക്കുന്ന കേന്ദ്ര നടപടിയാണ് തെറ്റെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ആധാര്‍ കാര്‍ഡിന്റെ പേര് പറഞ്ഞ് നാളെ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറാമെന്ന് കേന്ദ്രം കരുതിയെങ്കില്‍ അതിന് കിട്ടിയ തിരിച്ചടിയാണ് വിധിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ