ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 19ാം വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ആശുപത്രികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും പോലുള്ള അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാനും ജസ്റ്റിസുമാരായ വിഎന്‍ രമണ, ആര്‍.സുഭാഷ് റെഡ്ഡി, ആര്‍വി ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് ജമ്മു കശ്മീർ ഭരണകൂടത്തോട് സുപ്രീം കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ പ്രത്യേക വ്യവസ്ഥകൾ റദ്ദാക്കിയതിനെത്തുടർന്ന് കേന്ദ്രഭരണ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി, ഏകപക്ഷീയമായ അധികാരം പ്രയോഗിച്ചുകൊണ്ട് മൗലികാവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞു.

നിയമങ്ങളുടെയോ നടപടിക്രമങ്ങളുടെയോ പിൻബലമില്ല, ഏകപക്ഷീയമാണ്, മൗലികാവകാശങ്ങളുടെ ലംഘനമാണ്, പ്രദേശവാസികളുടെ ജീവിതം തകിടം മറിച്ചു, എല്ലാ മേഖലകളെയും തകര്‍ത്തു, ജനങ്ങളെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണ് തുടങ്ങിയവയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങൾ.

Read More: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം: സുപ്രീം കോടതി

കാലയളവ് പരാമര്‍ശിക്കാതെയുള്ള ഇന്റര്‍നെറ്റ് നിരോധനം ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നു സുപ്രീം കോടതി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും ജമ്മുകശ്മീര്‍ ഭരണകൂടം ഒരാഴ്ചയ്ക്കുള്ളില്‍ പുനരവലോകനം ചെയ്യണം. നിയന്ത്രണങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലിക നിര്‍ത്തിവയ്ക്കുന്നതും പരിമിതപ്പെടുത്തുന്നതും സംബന്ധിച്ച ഏതൊരു ഉത്തരവും നിയമപരമായ പരിശോധനയ്ക്കു വിധേയമാണെന്നു കോടതി വ്യക്തമാക്കി. നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ടുള്ള മുഴുവന്‍ ഉത്തരവുകളും സര്‍ക്കാര്‍ ഹാജരാക്കണം. ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച ഉത്തരവുകള്‍ പ്രസിദ്ധീകരിക്കണം. ഇതുവഴി, നിയന്ത്രണങ്ങള്‍ ബാധിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ അത് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയും.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇന്റര്‍നെറ്റ് നിയന്ത്രണം പാടുള്ളൂ. നിരോധനമേര്‍പ്പെടുത്തതിനു മുന്‍പ് അധികൃതര്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായണം. മജിസ്‌ട്രേറ്റുമാര്‍ നിരോധന ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ മതിയായി ആലോചിക്കുകയും നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. ഇന്റര്‍നെറ്റ് ആശ്രയിച്ചുള്ളതാണു ചില വ്യപാരങ്ങളും ജോലികളും. ഇത്തരം വ്യാപാരങ്ങളും ജോലികളും ചെയ്യുന്നതു ഭരണഘടനയുടെ 19-ാം വകുപ്പ് പ്രകാരം പരിരക്ഷയുള്ളതാണ്.

ജമ്മുകശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങള്‍ക്കു സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുകയാണ് കോടതിയുടെ ഉത്തരവാദിത്തം. നിയന്ത്രണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook