മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യഹർജി കോടതി നിരസിച്ചു. റിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് കോടതി അറിയിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
#RheaChakraborty sent to 14-day judicial custody, court also rejected her bail plea.
She was arrested by Narcotics Control Bureau (NCB) today in drug case related to #SushantSinghRajput‘s death probe. pic.twitter.com/qy8qWfZg2h
— ANI (@ANI) September 8, 2020
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് റിയ ചക്രവർത്തിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നൽകിയതായി റിയ ചക്രവർത്തി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുശാന്ത് ആവശ്യപ്പെട്ടതു പ്രകാരമാണ് താൻ മയക്കുമരുന്ന് നൽകിയതെന്നാണ് റിയ അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ പറഞ്ഞത്. താനും പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിരുന്നു.
Read More: സഹോദരനൊപ്പമുള്ള ചോദ്യം ചെയ്യൽ: പൊട്ടിക്കരഞ്ഞ് റിയ
റിയയുടെ സഹോദരൻ ഷോവിക്, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, വീട്ടു സഹായി ദീപേഷ് സാവന്ത് എന്നിവരെ എൻസിബി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ വീട്ടിലെ മാനേജറായിരുന്ന സാമുവൽ മിറാൻഡയും ഷോയിക് ചക്രബർത്തിയും മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പട്ട തെളിവുകൾ കയ്യിലുണ്ടെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നു.
റിയയുടെയും ഷോയിക് ചക്രബർത്തിയുടെയും നിർദേശപ്രകാരം സുശാന്തിന്റെ വീട്ടുസഹായിയായിരുന്ന ദീപേഷ് സാവന്ത് മാർച്ച്- ജൂൺ മാസങ്ങൾക്കിടെ 165 ഗ്രാമോളം കഞ്ചാവ് ശേഖരിച്ച് വിതരണം ചെയ്തതായി നാർക്കോട്ടിക് ബ്യൂറോ കണ്ടെത്തി.
എൻസിബിയെ കൂടാതെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ഏജൻസികളും നേരത്തേ റിയയെ ചോദ്യം ചെയ്തിരുന്നു.
മാതാപിതാക്കളായ ഇന്ദ്രജിത്, സന്ധ്യ ചക്രവർത്തി എന്നിവരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്തിന്റെ പാചകക്കാരനായ നീരജ് സിംഗ്, വീട്ട് സഹായി കേശവ് ബച്നർ, റൂംമേറ്റും ക്രിയേറ്റീവ് ഡയറക്ടറുമായ സിദ്ധാർത്ഥ് പിത്താനി, മുൻ ബിസിനസ് മാനേജർ ശ്രുതി മോദി, മാനേജർ സാമുവൽ മിറാൻഡ എന്നിവരെയും ഏജൻസി ചോദ്യം ചെയ്തിരുന്നു.