മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 20 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് റിയ ചക്രബർത്തിയുടെയും സഹോദരൻ ഷോയിക്കിന്റെയും ജൂഡീഷ്യൽ കസ്റ്റഡി നീട്ടിയത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയേയും സഹോദരനെയും ഒക്ടോബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇപ്പോൾ പ്രത്യേക കോടതി അവരുടെ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടിയിരിക്കുകയാണ്.
സെപ്റ്റംബർ എട്ടിനാണ് റിയ ചക്രബർത്തിയെ എൻസിബി അറസ്റ്റ് ചെയ്തത്. റിയ സമർപ്പിച്ച ജാമ്യാപേക്ഷയും പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയിൽ റിയ അപ്പീൽ നൽകി. എന്നാൽ ജാമ്യാപേക്ഷയിൽ കോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം, റിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാരായ പ്രിയങ്കയും മീറ്റുവും ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ വാദം കേൾക്കൽ കോടതി ഒക്ടോബർ 13ലേക്ക് മാറ്റി.
Read more in English: Rhea Chakraborty’s judicial custody in drugs case extended till October 20,
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എൻസിബി റിയയെ അറസ്റ്റ് ചെയ്തത്. റിയയുടെ സഹോദരൻ, സാമുവൽ മിറാൻഡ, സുശാന്തിന്റെ പാചകക്കാരന്‍ ദിപേഷ് സാവന്ത് എന്നിവര്‍ക്കൊപ്പമാണ് റിയയെ ചോദ്യം ചെയ്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മയക്കു മരുന്ന് സംബന്ധമായ ചില ചാറ്റുകൾ കണ്ടതായി എൻസിബി അറിയിച്ചിരുന്നു. ഗ്രൂപ്പില്‍ റിയയുടെ സഹോദരൻ, സാവന്ത്, മിറാൻഡ എന്നിവരും ഉൾപ്പെട്ടിരുന്നു. മരിജുവാനയാണ് അവിടെ ചർച്ച ചെയ്യപ്പെട്ടത്. സുശാന്ത് സിങ് രജ്‌പുത്തിനായി ‘വീഡ്’ ഉൽപാദിപ്പിച്ചതായി മിറാൻഡ നേരത്തെ പറഞ്ഞിരുന്നു. റിയയെ അറസ്റ്റ് ചെയ്തതത് മയക്കുമരുന്ന് ഉപയോഗത്തിനാണോ അത് വാങ്ങുന്നതിലും വിൽക്കുന്നതിലും ഏര്‍പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഭാഗമായാതിനാണോ എന്ന് എൻസിബി വ്യക്തമാക്കിയിട്ടില്ല.
രജപുത് പതിവായി കഞ്ചാവ് കഴിക്കാറുണ്ടായിരുന്നുവെന്നും മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തുടരുന്നതിനാൽ കഞ്ചാവ് ഉപയോഗിക്കുന്നതിൽ നിന്നു താന്‍ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും നേരത്തെ റിയ പറഞ്ഞിരുന്നു. തന്റെ കക്ഷി ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറഞ്ഞിരുന്നു.
Read Here: സഹോദരനൊപ്പമുള്ള ചോദ്യം ചെയ്യൽ; പൊട്ടിക്കരഞ്ഞ് റിയ