Actress Rhea Chakraborty arrested by NCB in drugs case: മുംബെെ: നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി നടി റിയ ചക്രബർത്തിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.

നടിയും സുശാന്തിന്റെ കൂട്ടുകാരിയുമായ റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.  ഇന്ന് രാത്രി 7:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി റിയയെ എൻ‌സി‌ബി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു.

എൻസിബിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാണ് റിയയെ കോടതിയിൽ ഹാജരാക്കിയത്. റിയയെ ഇനി കൂടുതൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും റിയയെ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടതില്ലെന്നും എൻസിബി കോടതിയെ ബോധിപ്പിച്ചു. എന്നാൽ റിയക്ക് ജാമ്യം അനുവദിച്ച് പുറത്ത് വിടുന്നതിനെ എൻസിബി എതിർക്കുകയും ചെയ്തു. തുടർന്ന് അവരെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അവരെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.

രാവിലെ പത്തരയോടെയാണ് സൗത്ത് മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന എൻസിബി ഓഫീസിൽ ചോദ്യം ചെയ്യലിനായി റിയ എത്തിയത്. ഞായറാഴ്ച ആറുമണിക്കൂറും തിങ്കളാഴ്ച എട്ടു മണിക്കൂറും റിയയെ എൻസിബി ചോദ്യം ചെയ്തിരുന്നു.

“റിയയെ അറസ്റ്റ് ചെയ്തു, കുടുംബത്തെ അറിയിക്കാനുള്ള നടപടികൾ പൂർത്തിയായി,” എൻ‌സി‌ബി ഡെപ്യൂട്ടി ഡയറക്ടർ (ഓപ്പറേഷൻസ്) കെ‌പി‌എസ് മല്‍ഹോത്ര പറഞ്ഞു. വാട്‌സ്ആപ്പ് ചാറ്റുകളും മറ്റ് പ്രതികളുടെ പ്രസ്താവനകളും അടിസ്ഥാനമാക്കിയാണ് റിയയെ അറസ്റ്റ് ചെയ്തതെന്നു എൻസിബി അറിയിച്ചു.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. തിങ്കളാഴ്ച റിയയുടെ സഹോദരൻ, സാമുവൽ മിറാൻഡ, സുശാന്തിന്റെ പാചകക്കാരന്‍ ദിപേഷ് സാവന്ത്‌ എന്നിവര്‍ക്കൊപ്പമാണ് റിയയെ ചോദ്യം ചെയ്തത്.

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മയക്കു മരുന്ന് സംബന്ധമായ ചില ചാറ്റുകൾ കണ്ടതായി എൻ‌സി‌ബി അറിയിച്ചു. ഗ്രൂപ്പില്‍ റിയയുടെ സഹോദരൻ, സാവന്ത്, മിറാൻ‌ഡ എന്നിവരും ഉൾപ്പെട്ടിരുന്നു. മരിജുവാനയാണ് അവിടെ ചർച്ച ചെയ്യപ്പെട്ടത്. സുശാന്ത് സിങ് രജ്‌പുത്തിനായി ‘വീഡ്‌’ ഉൽപാദിപ്പിച്ചതായി മിറാൻഡ നേരത്തെ പറഞ്ഞിരുന്നു. റിയയെ അറസ്റ്റ് ചെയ്തതത് മയക്കുമരുന്ന് ഉപയോഗത്തിനാണോ അത് വാങ്ങുന്നതിലും വിൽക്കുന്നതിലും ഏര്‍പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഭാഗമായാതിനാണോ എന്ന് എൻസിബി വ്യക്തമാക്കിയിട്ടില്ല.

രജപുത് പതിവായി കഞ്ചാവ് കഴിക്കാറുണ്ടായിരുന്നുവെന്നും മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തുടരുന്നതിനാൽ കഞ്ചാവ് ഉപയോഗിക്കുന്നതിൽ നിന്നു താന്‍ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും നേരത്തെ റിയ പറഞ്ഞിരുന്നു. തന്റെ കക്ഷി ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറഞ്ഞിരുന്നു.

Read Here: സഹോദരനൊപ്പമുള്ള ചോദ്യം ചെയ്യൽ; പൊട്ടിക്കരഞ്ഞ് റിയ

Rhea Chakraborty NCB office

കേസിൽ റിയയുടെ സഹോദരൻ ഷോയിക്, രജ്‌പുത്തിന്റെ മുൻ ഹൗസ് മാനേജർ സാമുവൽ മിറാൻഡ ഉള്‍പ്പടെ ഒന്‍പതു പേരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Read in IE: Actress Rhea Chakraborty arrested by NCB in drugs case

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook