ലക്‌നൗ: കാമുകനെ വിവാഹപ്പന്തലിൽനിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയ റിവോൾവർ റാണിക്ക് പ്രണയ സാഫല്യം. വർഷ സഹുവും കാമുകൻ അശോക് യാദവും തമ്മിലുളള വിവാഹം ഹാമിർപൂരിലെ ക്ഷേത്രത്തിൽ വച്ച് ഇന്നലെ നടന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ശിവസേനയുടെ പ്രാദേശിക യൂണിറ്റാണ് വിവാഹത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്തത്. വഞ്ചനാക്കേസിൽ ജയിലിലായിരുന്ന അശോക് ജൂലൈ ഏഴിനാണ് പുറത്തിറങ്ങിയത്. അശോകിനെ സ്വീകരിക്കാൻ വർഷ ജയിലിന് പുറത്തുണ്ടായിരുന്നു. ഉടൻ തന്നെ വിവാഹിതരാകുമെന്നും ഇരുവരും അവിടെ വച്ച് അറിയിച്ചു.

തന്നെ വഞ്ചിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ തരുമാനിച്ച അശോകിനെ വിവാഹപ്പന്തലിൽനിന്നും തട്ടിക്കൊണ്ടു പോയതിലൂടെയാണ് വർഷ വാർത്തകളിൽ നിറഞ്ഞത്. ഈ സംഭവത്തോടെ റിവോൾവർ റാണി എന്ന പേരും വർഷയ്ക്ക് കിട്ടി. കല്യാണത്തിന് മേളം തുടങ്ങിയപ്പോഴാണ് മഹീന്ദ്ര എസ്‌യുവിൽ വർഷ വിവാഹ സ്ഥലത്തേക്ക് എത്തിയത്. നേരെ വിവാഹപന്തലിലേക്ക്, തോക്കെടുത്ത് കാമുകന്റെ നെറ്റിയിൽ ചൂണ്ടി. ”കുറച്ച് നാള്‍ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള വിവാഹത്തിന് ഞാന്‍ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്” മറ്റുളളവരോടായി പറഞ്ഞു. എന്നിട്ട് അശോകിനെയും കൂടെ കൊണ്ടുപോയി.

സർക്കാർ സ്ഥാപനത്തിലെ കരാർ ജീവനക്കാരനായ അശോക് എട്ടു വർഷമായി വർഷയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇയാൾ വർഷയുമായി അകലുകയും മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. ഇതറിഞ്ഞ വർഷ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിവാഹപ്പന്തലിൽ എത്തിൽ അശോകിനെ തട്ടിക്കൊണ്ടുപോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ