ചെന്നൈ: എ.ഐ.എ.ഡി.എം.കെ പ്രത്യക്ഷ പോരിലേക്കെന്ന  സൂചനകൾ നൽകി ഒ പനീർശെൽവം രംഗത്ത്.  മുഖ്യമന്ത്രി പദവി അലങ്കരിക്കാനൊരുങ്ങുന്ന വികെ ശശികലയ്ക്കെതിരെ  മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഒ പനീര്‍സെല്‍വം തുറന്നടിച്ചത്. റവന്യു മന്ത്രി ആര്‍ബി ഉദയകുമാര്‍ രാജി ആവശ്യപ്പെട്ടതു കൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജയലളിതയുടെ സമാധിസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. നിര്‍ബന്ധിച്ചാണ് തന്നെ രാജി വെപ്പിച്ചത്. ജയലളിതയുടെ ആത്മാവ് തന്നോട് എല്ലാം തുറന്ന് പറയാൻ ആവശ്യപ്പെട്ടതിനാലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും പന്നീർശെൽവം പറഞ്ഞു.

ശശികലയെ മുഖ്യമന്ത്രി ആക്കണമെന്ന് ഉദയകുമാര്‍ ആവശ്യപ്പട്ടു. ശശികലയെ പിന്തുണക്കാൻ നിർബന്ധിതമായി. തന്റെ പ്രവർത്തനത്തിൽ ശശികലക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും പന്നീർശെൽവം തുറന്നടിച്ചു.

അമ്മയുടെ ആഗ്രഹം താന്‍ മുഖ്യമന്ത്രിയായി ഇരിക്കാനായിരുന്നു.  അമ്മ കാട്ടിത്തന്ന വഴിയിലൂടെ മികച്ച രീതിയില്‍ തന്റെ ജോലി എല്ലായ്പോഴും നിര്‍വഹിച്ചിട്ടുണ്ട്. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായാണ് താന്‍ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ അമ്മയാണ് തന്നോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞത്. ഒരിക്കലും മുഖ്യമന്ത്രി ആകണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ടാണ് തന്നെ അപമാനിക്കുന്നതെന്ന് അറിയില്ലെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.

ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരും. തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടതാണ്.  തീരുമാനങ്ങൾ അട്ടിമറിച്ചത് തമ്പിദുരൈയാണ്. പാർട്ടി പിളർത്തണമെന്ന് തനിക്ക് ആഗ്രഹമില്ല. എം.എൽ.എമാരുടെ യോഗം വിളിച്ചത് എന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook