ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ രൂക്ഷമായ വിമർശനങ്ങളോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്നും ദിവസങ്ങൾക്കുള്ളിൽ ഗ്രൂപ്പിന്റെ മാനേജ്‌മെന്റുമായി ചർച്ച നടത്തുമെന്നും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) അറിയിച്ചു.
ഹിൻഡൻബർഗിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തു വന്നതിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. ഏകദേശം 66 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും ആവശ്യമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അദാനിയുടെ വിശദീകരണം.
“വസ്തുതാപരമായ നിലപാട് എന്താണെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. അദാനി ഗ്രൂപ്പില്‍ വലിയ നിക്ഷേപമുള്ളതിനാല്‍ തന്നെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. തീര്‍ച്ചയായും അവരുമായി ചര്‍ച്ച ചെയ്യും,” എൽഐസി മാനേജിങ് ഡയറക്ടർ രാജ് കുമാർ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ 364.7 ബില്യൺ രൂപ (4.47 ബില്യൺ ഡോളർ) നിക്ഷേപിച്ചിട്ടുണ്ടെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറർ കമ്പനിയായ സർക്കാർ നടത്തുന്ന എൽഐസി പറയുന്നത്.
“അദാനി ഗ്രൂപ്പ് നൽകിയ 413 പേജുള്ള മറുപടി ഞങ്ങൾ പഠിക്കുകയാണ്. തൃപ്തികരമല്ലാത്ത മറുപടിയാണെന്ന് ബോധ്യപ്പെട്ടാല്‍ വിശദീകരണം തേടും,” കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം, അദാനി എന്റർപ്രൈസസിൽ 4.23 ശതമാനം, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ എക്കണോമിക് സോണില്‍ ഒന്‍പത് ശതമാനം, അദാനി ടോട്ടൽ ഗ്യാസിൽ ആറ് ശതമാനം, അദാനി ട്രാൻസ്മിഷനിൽ 3.65 ശതമാനം ഓഹരികളാണ് എൽഐസിക്കുള്ളത്.