സ്വാതന്ത്ര്യ സമര സേനാനികളെ സ്കൂൾ ചരിത്ര പാഠപുസ്തകങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന രീതി അവലോകനം ചെയ്യാനും വേദങ്ങളിൽ നിന്നുള്ള “പുരാതന ജ്ഞാനവും അറിവും” സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ശുപാർശ ചെയ്തും വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി കമ്മിറ്റി. വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ഉള്ളടക്കം “പക്ഷപാതരഹിതമായത്” ആയിരിക്കണമെന്നും സമിതി അതിന്റെ ശുപാർശകളിൽ പ്രസ്താവിക്കുന്നു.
പാഠ്യപദ്ധതിയിൽ സിഖ്, മറാത്ത ചരിത്രത്തിൽ നിന്ന് കൂട്ടിച്ചേർക്കേലുണ്ടാവണമെന്നും പുസ്തകങ്ങൾ ലിംഗഭേദങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലാവണമെന്നും ബിജെപി എംപി വിനയ് പി സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
“രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ/ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ സംഭാവനകളും ചരിത്ര പാഠപുസ്തകങ്ങളിൽ ഇടം നേടുന്ന രീതിക്കായി പ്രമുഖ ചരിത്രകാരന്മാരുമായി ചർച്ച ചെയ്യുകയും അവലോകനം ചെയ്യുകയും വേണ്ടത് ആവശ്യമാണ്. ഇത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെകുറിച്ചുള്ള കൂടുതൽ സന്തുലിതവും വിവേകപൂർണ്ണവുമായ ധാരണയിൽ കലാശിക്കും,” ചൊവ്വാഴ്ച രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
“ സ്വാതന്ത്ര്യ സമരത്തിൽ ഇതുവരെ അറിയപ്പെടാത്തവരും വിസ്മൃതികളുമായ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അർഹമായ ഇടം നൽകുന്നതിന് ഇത് വളരെയധികം സഹായിക്കും. സിഖ്, മറാഠ ചരിത്രത്തിന്റെയും മറ്റുള്ളവയുടെയും സാമുദായിക സ്വത്വം അടിസ്ഥാനമാക്കിയുള്ള ചരിത്രത്തിന്റെ പ്രാതിനിധ്യം അവലോകനം ചെയ്യുന്നതും പാഠപുസ്തകങ്ങളിൽ അവ വേണ്ടത്ര ഉൾപ്പെടുത്തുന്നതും അവരുടെ സംഭാവനയുടെ കൂടുതൽ ന്യായമായ വീക്ഷണത്തിന് സഹായിക്കും,” റിപ്പോർട്ടിൽ പറയുന്നു.
10 രാജ്യസഭാംഗങ്ങളും 21 ലോക്സഭാംഗങ്ങളും സമിതിയിലുണ്ട്. രാജ്യസഭയിൽ നിന്ന് നാല് ബിജെപി അംഗങ്ങളും ടിഎംസി (സുസ്മിത ദേവ്), സിപിഎം (ബികാഷ് രഞ്ജൻ ഭട്ടാചാര്യ), ഡിഎംകെ (ആർഎസ് ഭാരതി), എഐഎഡിഎംകെ (എം തമ്പിദുരൈ), എസ്പി (വിശംഭർ പ്രസാദ് നിഷാദ്), കോൺഗ്രസ് (അഖിലേഷ് പ്രസാദ് സിംഗ്) എന്നിവയിൽ നിന്ന് ഓരോ അംഗങ്ങളുമാണ് സമിതിയിയിൽ.
21 ലോക്സഭാംഗങ്ങളിൽ 12 പേർ ബിജെപിയിൽ നിന്നാണ്, കോൺഗ്രസിൽ നിന്നും രണ്ട് പേരും, ടിഎംസി, സിപിഎം, ജെഡി(യു), ശിവസേന, വൈഎസ്ആർസിപി, ഡിഎംകെ, ബിജെഡി എന്നിവയിൽ നിന്ന് ഓരോരുത്തർ വീതവുമാണ്.