ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വിരമിച്ച പൊലീസുകാരനെ മൂന്ന് പേര്‍ ചേര്‍ന്ന് പട്ടാപ്പകല്‍ മര്‍ദ്ദിച്ച് തല്ലിക്കൊന്നു. വടികള്‍ ഉപയോഗിച്ച് പൊലീസുകാരനെ ആക്രമിച്ചിട്ടും ആരും തന്നെ ഇടപെട്ടില്ല. 70കാരനായ അബ്ദുല്‍ സമദ് ഖാനാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിരമിച്ച സബ് ഇന്‍സ്പെക്ടറായ സമദ് ഖാന്‍ സൈക്കിളില്‍ വീട്ടിലേക്ക് പോവുമ്പോഴാണ് അക്രമം നടന്നത്. ചുവന്ന വസ്ത്രം ധരിച്ച ഒരാള്‍ ആദ്യം വടികൊണ്ട് ആക്രമിക്കുകയായിരുന്നു. താഴെ വീണ സമദ് ഖാന്‍ മര്‍ദ്ദിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും ഇയാള്‍ അക്രമം തുടര്‍ന്നു. ഇതിന് പിന്നാലെ മറ്റ് രണ്ട് പേര്‍ കൂടി ആക്രമത്തില്‍ പങ്കു ചേര്‍ന്നു. നിരവധി പേര്‍ സ്ഥലത്ത് ഉണ്ടായിട്ടും ആരും പൊലീസുകാരനെ സഹായിക്കാനെത്തിയില്ല.

ആദ്യം പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അനക്കം നിലയ്ക്കുന്നത് വരെ അക്രമികള്‍ സമദ് ഖാനെ വടികൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സമദ് ഖാനെ പിന്നീട് റോഡില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. അക്രമികളില്‍ ഒരാള്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. പിന്നീട് സമദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അലഹബാദ് പൊലീസ് വ്യക്തമാക്കുന്നത്. 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook