കാലിഫോർണിയ: വിശ്വ വിഖ്യാത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയന്റ് അന്തരിച്ചു. 41 വയസായിരുന്നു. ഹെലികോപ്റ്റർ അപകടത്തെ തുടർന്നായിരുന്നു മരണം. അദ്ദേഹത്തിന്റെ 13 വയസുകാരിയായ മകൾ ജിയാന മരിയ ഒണോറ ബ്രയന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു.

കലബാസാസിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കോബി ബ്രയന്റും മറ്റ് നാല് പേരും മരിച്ച വിവരം ഞങ്ങൾ വളരെ സങ്കടത്തോടെ അറിയിക്കുന്നുവെന്ന് സിറ്റി ഓഫ് കലബാസാസ് ട്വീറ്റ് ചെയ്തു. ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലാബാസാസ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു.

ലോസ് ഏഞ്ചൽസിന് വടക്ക് പടിഞ്ഞാറ് 40 മൈൽ (65 കിലോമീറ്റർ) അകലെ കാലബാസിൽ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് പേർ മരിച്ചുവെന്നും അതിജീവിച്ചവർ ഇല്ലെന്നും ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ട്വിറ്ററിൽ കുറിച്ചു. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജെ ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ കോബിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.

യുഎസ് ഫ്രാഞ്ചൈസ് ബാസ്‍കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് എന്‍ബിഎയിലെ ലൊസാഞ്ചലസ് ലേക്കേഴ്‍സിന്‍റെ മുന്‍ താരമാണ് കോബി ബ്രയന്റ്. തൗസന്റ് ഓക്‌സിലെ മാമ്പ സ്‌പോര്‍ട്‌സ് അക്കാദമിയിൽ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാൻ പോകും വഴിയാണ് അപകടം ഉണ്ടായത്. മകളുടെ ടീമിനെ പരിശീലിക്കുന്നത് ബ്രയന്റാണ്.

Read More: ഇതൊക്കെയെന്ത്? വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ പുതിയ റെക്കോർഡുമായി കെ.എൽ.രാഹുൽ

രണ്ടു പതിറ്റാണ്ടോളം എന്‍ബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്‌സിന്റെ താരമായിരുന്ന ബ്രയന്റ് അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോ റാപ്‌ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്‌കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്‌കോറിങ് ചാമ്പ്യനുമായി.

2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. 2018ല്‍ ‘ഡിയര്‍ ബാസ്‌കറ്റ് ബോള്‍’ എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook